സ്വന്തം വീട്‌ കുത്തിത്തുറന്ന് 50,000 രൂപയും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ

കോഴിക്കോട്: മാവൂരിൽ സ്വന്തം വീട്‌ കുത്തിത്തുറന്ന് 50,000 രൂപയും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച യുവാവിനെ  പോലീസ് പിടിച്ചു. പുനത്തിൽ പ്രകാശൻ്റെ വീട്ടിൽ മോഷണം നടത്തിയ മകൻ സിനിഷ് ആണ് പിടിയിലായത്. വെള്ളിയാഴ്ച പകലാണ് വീട്ടിൽ മോഷണം നടന്നത്.

പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റേതിനേക്കാൾ വലിയ 10 ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും തകർത്ത പൂട്ടിലും മുറികളിലും മുളകുപൊടി വിതറി ആ പൊടിയിൽ മനപ്പൂർവ്വം ഷൂസിന്റെ അടയാളം വരുത്തിയശേഷം ഷൂസിന്റെ സോൾ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛൻ കരുതിവെച്ചിരുന്ന 50,000രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരിയിൽനിന്നും മുപ്പതിനായിരം രൂപ എടുത്ത് ഇയാൾ വാഹനത്തിന്റെ കടം വിട്ടിയിരുന്നു. അത് അച്ഛൻ മനസ്സിലാക്കിയില്ല എന്ന് മനസ്സിലായപ്പോൾ വെള്ളിയാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം ഇയാളുടെ ഭാര്യയെ അവരുടെ വീട്ടിൽ ആക്കി തിരികെ വന്ന് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു.

വിരലടയാളം പതിയാതിരിക്കാനായി കൈകളിൽ പേപ്പർ കവർ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഒളിപ്പിച്ചുവെച്ച പണവും പൂട്ട് മുറിക്കാൻ ഉപയോഗിച്ച ആക്സോ ബ്ലേഡും പ്രതി പോലീസിന് കാണിച്ചു കൊടുത്തു.

മാവൂർ ഇൻസ്പെക്ടർ വിനോദൻ, എസ് ഐ മാരായ മഹേഷ് കുമാർ,പുഷ്പ ചന്ദ്രൻ, എ എസ് ഐ സജീഷ്, എസ് സി പി ഒ അസീസ്, സി പി ഒ മാരായ ലിജു ലാൽ, ലാലിജ് ഷറഫലി എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

COMMENTS

error: Content is protected !!