അണേലയിൽ കണ്ടൽക്കാടുകൾ വലിയ തോതിൽ നശിപ്പിക്കുമ്പോഴും മിണ്ടാതിരിക്കുന്ന നഗരസഭയുടെ നടപടി ദുരൂഹം

കൊയിലാണ്ടി: അണേലപ്പുഴയോരത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനകംതന്നെ കണ്ടലുകൾ വലിയ തോതിൽ തീയിട്ടും വെട്ടിയും നശിപ്പിച്ചിട്ടുണ്ട്. യാതൊരു സംരക്ഷണ നടപടിയും സ്വീകരിക്കാത്ത നഗരസഭയുടെ നിലപാട് ദുരൂഹമാണ്. കണ്ടൽ വെട്ടി നശിപ്പിച്ച പ്രദേശങ്ങൾ പ്രവർത്തകരോടൊപ്പം സന്ദർശിച്ച് ഇറക്കിയ പത്രക്കുറിപ്പിലാണ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വിവി സുധാകരൻ, ഇത്തരം ഒരാവശ്യം മുന്നോട്ടുവെച്ചത്.

വിസ്തൃതി കൊണ്ടും, വൈവിധ്യം കൊണ്ടും കേരളത്തിലെ തന്നെ പ്രധാന കണ്ടൽ പ്രദേശങ്ങളിലൊന്നായ കൊയിലാണ്ടി നഗരസഭയിലെ അണേല ഭാഗത്തെ കണ്ടൽ കാടുകൾ സ്ഥരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യമാണ് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മുന്നോട്ടു വെക്കുന്നത്.


പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നഗരസഭ വർഷങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിട്ടുള്ള കണ്ടൽ പാർക്ക് പദ്ധതി ഇനിയും യാഥാർത്ഥ്യമായില്ല. മ്യൂസിയം, ഗവേഷണ കേന്ദ്രം, ടൂറിസം സെന്റർ എന്നിവയുൾപ്പെടെ വിഭാവനം ചെയ്തിരുന്ന പദ്ധതി നടപ്പിലാക്കാൻ താല്പര്യം കാണിക്കാത്തതും, പരസ്യമായി കണ്ടൽ കാടുകൾ വെട്ടിനശിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്നതും നഗരസഭയുടെ പരിസ്ഥിതി വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കെട്ടിടം ഒരു പ്രയോജനവുമില്ലാതെ അനാഥമായി കിടക്കുകയാണ്.
ഇന്ന് കേരളത്തിൽ കണ്ടുവരുന്ന ഏതാണ്ട് എല്ലാ വിഭാഗത്തിലും പെട്ട കണ്ടൽ മരങ്ങളും ചെടികളും ധാരാളമുള്ള , നൂറേക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന, കണ്ടൽ കാടുകൾ സംരക്ഷിക്കാൻ നഗരസഭയുടെ അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
അണേല ഭാഗത്തെ കണ്ടൽ കാടുകൾ നശിപ്പിക്കപ്പെട്ട പ്രദേശങ്ങൾ പ്രസിഡണ്ട്, വി വി സുധാകരന്റെ നേതൃത്വത്തിലാണ് ഭാരവാഹികൾ സന്ദർശിച്ചത്.
പി രത്നവല്ലി, മനോജ് പയറ്റുവളപ്പിൽ, പി ടി ഉമേന്ദ്രൻ, കെ വി റീന,കെ എം സുമതി, പി വി വേണുഗോപാൽ, റാഷിദ് മുത്താമ്പി, ബാലൻകിടാവ്, ശ്രീധരൻ നായർ പുഷ്പശ്രീ എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.

Comments

COMMENTS

error: Content is protected !!