SPECIAL
സ്വപ്‌നങ്ങൾക്ക് ചിറകുമുളച്ചു; ഭിന്നശേഷികുട്ടികൾക്ക് ആകാശയാത്ര ഒരുക്കി പയ്യോളി സ്‌കൂൾ
പയ്യോളി: സ്‌കൂളിലെ 26 ഭിന്നശേഷി വിദ്യാർഥികൾക്കും അവരുടെ അമ്മമാർക്കുമായി വിമാനയാത്ര ഒരുക്കിയിരിക്കുകയാണ് പയ്യോളി ജി.വി.എച്ച്.എസ്. സ്‌കൂൾ. 18-ന് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര. സെറിബ്രൽ പാൾസി, ഓട്ടിസം, മെന്റൽ റിട്ടാർഡേഷൻ, മറ്റ് അംഗവൈകല്യം വന്നവർ എന്നിങ്ങനെ 26 കുട്ടികളിൽ ഇവരെല്ലാം പെടും. ഇവരെ പരിചരിക്കുന്ന അമ്മമാരും വീടിനുപുറത്തുപോവാൻ പറ്റാതെ കഴിഞ്ഞുകൂടുന്നവരാണ്. കോഴിക്കോടിന് പുറത്തേക്ക് യാത്രപോവാത്തവരും തീവണ്ടി കാണാത്തവരും ഇതിലുണ്ട്.
അമ്മാരുൾപ്പെടെ 52 പേർ. സഹായത്തിനായി സ്‌കൂൾ അധികൃതർ ഉൾപ്പെടെ 10 വൊളന്റിയർമാർ. വൊളന്റിയർമാർ സ്വന്തം ചെലവുവഹിക്കും. മറ്റ് 52 പേരുടെയും യാത്ര സൗജന്യമാണ്. ഇതിനായി കുറച്ചുകാലമായി പയ്യോളി ഗവ. സ്‌കൂളിനെ സഹായിച്ചുവരുന്നവർ തന്നെയാണ് മുന്നിലുള്ളത്. നാലുലക്ഷം രൂപവരും യാത്രചെലവ്.
കണ്ണൂരിലേക്ക് ബസിലുള്ള യാത്ര ആറുമണിക്ക് പയ്യോളി സ്‌കൂളിൽ കെ. ദാസൻ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്യും. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, അംഗം വിജിലാ മഹേഷ്, നഗരസഭ ചെയർപേഴ്‌സൺ വി.ടി. ഉഷ എന്നിവരുമെത്തും.
തിരുവന്തപുരത്ത് വിമാനത്തിൽ എത്തിയാൽ ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, മറ്റ് മന്ത്രിമാർ, മജീഷ്യൻ മുതുകാട് എന്നിവരുമായി കൂടിക്കാഴ്ച. നിയമസഭാ മന്ദിരം, പോലീസ് അക്കാദമി, മാജിക് അക്കാദമി, കോവളം എന്നിവിടങ്ങളിൽ സന്ദർശനം. 19-ന് രാത്രി ട്രെയിൻ എ.സി. കമ്പാർട്ട്‌മെന്റിൽ തിരിച്ചുയാത്ര.
ഇത്തരം വിദ്യാർഥികൾക്കായി പയ്യോളി ഗവ. സ്‌കൂളിലുള്ള ഐ.ഇ.ഡി. സെന്റർ വികസിപ്പിക്കുക എന്ന ലക്ഷ്യവും ഇതോടൊപ്പമുണ്ട്. വിവരസാങ്കേതികവിദ്യ അഭ്യസിപ്പിക്കാനും പേശീചലന വികാസത്തിനുതകുന്ന ഉപകരണങ്ങൾ വാങ്ങുകയും മറ്റുമാണ് ഉദ്ദേശ്യം. നാലുലക്ഷംരൂപ ഇതിനും വേണ്ടതുണ്ട്.
പി.ടി.എ.യുടെ നേതൃത്വത്തിലാണ് യാത്ര. പ്രസിഡന്റ് ബിജു കളത്തിൽ, വൈസ് പ്രസിഡന്റ് ഇ.ബി. സൂരജ്, പ്രധാനാധ്യാപകൻ കെ.എൻ. ബിനോയ് കുമാർ, വികസനസമിതി ചെയർമാൻ സി. ഹനീഫ, ഭിന്നശേഷി ക്ഷേമസമിതി കൺവീനർ പുതുക്കുടി ഹമീദ്, എം. അജ്മൽ എന്നിവർ യാത്രയെ അനുഗമിക്കും.
Comments