സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുള്‍പ്പെടെ രണ്ട് യുവാക്കളെ പിടികൂടി

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുള്‍പ്പെടെ രണ്ട് യുവാക്കളെ മെഡിക്കല്‍ കോളേജ് പോലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടി. കാക്കൂര്‍ സ്വദേശി ഹജ്നാസ്, നരിക്കുനി സ്വദേശി പാറക്കല്‍ സജീഷ്കുമാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഡോക്ടറും സുഹൃത്തും കാറില്‍ വരുമ്ബോള്‍ അരയിടത്ത് പാലത്തിന് സമീപം വെച്ച്‌ രണ്ട് യുവാക്കള്‍ കാര്‍ തടഞ്ഞ് ഡോക്ടറെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും അശ്ളീല ആംഗ്യങ്ങള്‍ കാണിച്ചും തെറിവിളിച്ചും അപമാനിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് ഇൻസ്‍പെക്ടര്‍ ബെന്നിലാലുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡോക്ടറുടെ കാര്‍ തടഞ്ഞ സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്ബര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയതെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റിലെ ഉടമസ്ഥൻ വാഹനം പണയപ്പെടുത്തിയത് അന്വേഷണത്തിന് തിരിച്ചടിയായി. തുടര്‍ന്ന് കേസിന് തുമ്ബുണ്ടായതാവട്ടെ മയക്കുമരുന്ന് സംഘത്തെ കേന്ദ്രീകരിച്ച്‌ നടത്തിയ വിശദമായ അന്വേഷണത്തിലും.

ബാലുശ്ശേരി പോലീസും സിറ്റി ക്രൈം സ്ക്വാഡും ഒമ്ബത് കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ അജിത് വര്‍ഗീസ് എന്നയാളുടെ മയക്കുമരുന്ന് സംഘത്തില്‍പെട്ട താമരശ്ശേരി സ്വദേശികളായ സനീഷ്, അലക്സ് വര്‍ഗീസ് എന്നിവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ കോഴിക്കോട് കായലം സ്വദേശി, വാഹനം പണയപ്പെടുത്തിയത് ആന്ധ്രയില്‍ കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ നാട്ടിലെത്തിയ യുവാവിനായിരുന്നു. പതിനായിരം രൂപയ്ക്കാണ് വാഹനം പണയപ്പെടുത്തിയത്. ഇയാള്‍ തന്നോടൊപ്പം ആന്ധ്ര ജയിലില്‍ കഞ്ചാവ് കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന മറ്റൊരാള്‍ക്ക് ഈ വാഹനം പിന്നീട് പണയപ്പെടുത്തി. അയാളില്‍ നിന്നും അജിത്ത് വര്‍ഗീസിന്റെ സംഘം സ്കൂട്ടര്‍ കൈവശപ്പെടുത്തി.

Comments

COMMENTS

error: Content is protected !!