മെഡിക്കൽ കോളിജ് പൊലീസ് എട്ടു വർഷം മുൻപ് ലേലം ചെയ്തു വിറ്റ ബൈക്ക് തൊണ്ടി മുതലാണെന്ന് കസബ പൊലീസ്. കീഴ്പയ്യൂരിലെ മുറിച്ചാണ്ടിയിൽ മുനീർ 2013 ൽ ലേലത്തിൽ പങ്കെടുത്ത് വാങ്ങിയ ബൈക്ക് അങ്ങിനെ വർഷങ്ങൾക്ക് ശേഷം പൊലീസ് തന്നെയെത്തി കസ്റ്റഡിൽ എടുത്തു കൊണ്ടു പോയി.
2013 ആഗസ്റ്റിൽ വാഹനം ലേലം ചെയ്ത് വില്പന നടത്തുന്നതായി മെഡിക്കൽ കോളേജ് പോലീസിൻ്റെ പത്ര പരസ്യം കണ്ട് സ്റ്റേഷനിൽ എത്തി ലേലം കൊണ്ട ബൈക്കാണിതെന്ന് മുനീർ പറയുന്നു. കെ.എൽ പതിനൊന്ന് ജെ 4033 ഹീറോ ഹോണ്ടാ ബൈക്ക് സ്പ്ലെൻഡർ ബൈക്കിനോടുള്ള കമ്പം കാരണമാണ് ലേലം കൊണ്ടത്.
സ്റ്റേഷനിൽ നിന്ന് ലഭിച്ച രേഖകൾ ഹാജരാക്കി കൊയിലാണ്ടി ആർ. ടി.ഒ.ഓഫീസിൽ നിന്ന് റജിസ്ട്രേഷൻ മുനീറിൻ്റെ പേരിലേക്ക് അന്നു തന്നെ മാറ്റുകയും ചെയ്തതാണ് .8 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് കസബ പോലീസ് വീട്ടിലെത്തി കളവ് മുതലാണെന്നും കാണിച്ച് നോട്ടീസ് നൽകി മഹസർ തയ്യാറാക്കി വണ്ടി പിടിച്ചെടുത്തു.
2010 ൽ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലാണ് ഈ ബൈക്കെന്നാണ് കസബ പൊലീസിൻ്റെ വാദം. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് ലേല മുതലായി മുനീർ വില കൊടുത്ത് വാങ്ങിയതാണെന്നത് ശരിയാണെന്ന് പൊലീസ് തന്നെ സമ്മതിക്കയും ചെയ്യുന്നു. ബൈക്ക് കോടതിയിൽ ഹാജരാക്കുമെന്നും നടപടി പ്രകാരം ചെയ്യുമെന്നുമാണ് പൊലീസ് നിലപാട് .
കസബ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ എസ്.ഭാവിഷ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ലേലം ചെയ്ത ബൈക്ക് വാങ്ങിയതിന് കേസ് ഭീഷണിയിലായ മുനീർ മുഖ്യമന്ത്രിയേയും പൊലീസ് കമ്മീഷണറെയും കണ്ട് സങ്കടം ബോധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. പത്തു വർഷം കൊണ്ട് കൂടെയുണ്ടായിരുന്ന സ്പ്ലെണ്ടറാണ്. വിറ്റവർ തന്നെ എത്തി കേസും ചുമത്തി കൊണ്ടു പോയത്.