സൗദിയിലേക്ക് കുതിച്ചെത്തിയത് ക്രൂസ് മിസൈൽ; നേരിടാൻ യുഎസ് പാട്രിയറ്റിനും കഴിഞ്ഞില്ല

സൗദി അറേബ്യയിലെ നരങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ആക്രമണം. വ്യാഴാഴ്ച രാത്രി ജിസാനിലേക്ക് ഹൂതികളുടെ ക്രൂസ് മിസൈൽ ആക്രമണം നടന്നു. ഇതു രണ്ടാം തവണയാണ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഹൂതികൾ ആക്രമിക്കുന്നത്. ജിസാനിലെ ജലശുചീകരണ നിലയത്തിനു നേരെയാണ് ക്രൂസ് മിസൈൽ ആക്രമണം നടന്നത്. എന്നാൽ ക്രൂസ് മിസൈലുകളുടെ നേരിടുന്നതിൽ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനം പാട്രിയറ്റ് പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

 

ജിസാനിലെ ശുഖൈഖ് നഗരത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിനു നേരെയാണ് ആക്രമണം നടന്നതെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിൽ അമേരിക്കൻ നിർമിത പാട്രിയറ്റ് വിജയിച്ചെങ്കിലും താഴ്ന്നു പറക്കുന്ന ക്രൂസ് മിസൈലിനെ നേരിടുന്നതിൽ പരാജയപ്പെട്ടു. അബഹ വിമാനത്താവളത്തിലേക്ക് ആക്രമണം നടത്താൻ ഉപയോഗിച്ചതും ക്രൂസ് മിസൈലായിരന്നു. വിമാനത്താവളത്തിലെ ദുരന്തത്തിൽ 26 പേർക്ക് പരുക്കേറ്റിരുന്നു.

 

സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും എത്തുന്നത്. ഇറാൻ സഹായത്തോടെയാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്നാണ് സൗദി ആരോപിക്കുന്നത്. റോയൽ സൗദി എയർ ഡിഫൻസ് സേനയും വ്യോമസേനയും ചേർന്നാണ് ഹൂതികളുടെ വ്യോമാക്രമണങ്ങളെ നേരിടുന്നത്.

 

∙ എന്താണ് പാട്രിയറ്റ്?

 

പാട്രിയറ്റ് എന്നാൽ കരയിൽ നിന്നു വായുവിലേക്ക് തൊടുക്കാവുന്ന പ്രതിരോധ ബാലസ്റ്റിക് മിസൈലാണ്. അമേരിക്കയാണ് ഈ മിസൈൽ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്. 20 മുതൽ 30 ലക്ഷം ഡോളർ വരെയാണ് ഇതിന്റെ നിർമാണ ചെലവ്.

 

നിലവിൽ അമേരിക്കയുടെ കൈവശം മാത്രം 1,106 പാട്രിയറ്റ് ലോഞ്ചറുകളുണ്ട്. മറ്റു രാജ്യങ്ങളിലായി 172 ലോഞ്ചറുകളും സർവീസിലുണ്ട്. ഇതിൽ പ്രയോഗിക്കാനായി ഏകദേശം പതിനായിരം മിസൈലുകൾ നിർമിച്ചിട്ടുണ്ട്. എംഐഎം–104 പാട്രിയറ്റ് എന്നാണ് ഈ ടെക്നോളജിയുടെ ഔദ്യോഗിക പേര്. കുവൈത്ത്, യുഎഇ, സൗദിഅറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ പാട്രിയറ്റിന്റെ സേവനം ലഭ്യമാമാണ്.

 

റോയൽ സൗദി എയർ ഡിഫൻസിന്റെ കീഴിലുള്ള പാട്രിയറ്റാണ് ഹൂതികൾ വിക്ഷേപിക്കുന്ന മിസൈലുകളും ഡ്രോണുകളും തകർക്കുന്നത്. വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ മിസൈൽ കണ്ടെത്തി ആകാശത്തുവെച്ചു തന്നെ തകർക്കാൻ ശേഷിയുള്ളതാണ് പാട്രിയറ്റ്. എന്നാൽ ക്രൂസ് മിസൈലുകളുടെ കാര്യത്തിൽ പാട്രിയറ്റ് രണ്ടു തവണയും പരാജയപ്പെട്ടു.
Comments

COMMENTS

error: Content is protected !!