സൗന്ദര്യവര്‍ധക ക്രീമുകള്‍ ഗുരുതരമായ വൃക്ക രോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍

സൗന്ദര്യ വര്‍ധക ക്രീമുകള്‍ ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. ഇത്തരം ഫേഷ്യല്‍ ക്രീമുകള്‍ കേരളത്തില്‍ വ്യാപകമാകുന്നതായും മെര്‍ക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങള്‍ അടങ്ങിയ ക്രീമുകളാണ് രോഗമുണ്ടാക്കുന്നത്. പല പേരുകളില്‍ ഓണ്‍ലൈന്‍ സൈറ്റുകളിലും ഫാന്‍സി കടകളിലും ഇത്തരം ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. മലപ്പുറം ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരാണ് വൃക്കരോഗികളില്‍ നടത്തിയ പരിശോധനയില്‍ അപൂര്‍വ രോഗം പടരുന്നത് കണ്ടെത്തിയത്.

കേരളത്തില്‍ കേസുകള്‍ കൂടുന്നെന്ന് തുടര്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിദേശരാജ്യങ്ങളില്‍ നിന്നാണ് വ്യാജ ഫേഷ്യല്‍ ക്രീമുകള്‍ എത്തുന്നത്. ഇവയില്‍ കൂടിയ അളവില്‍ ലോഹ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മൂത്രത്തില്‍ പതയും ശരീരത്തില്‍ നീരുമാണ് അപൂര്‍വ്വ രോഗത്തിന്റെ ലക്ഷണങ്ങള്‍.  കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിയ വൃക്ക രോഗികളിലാണ് ഡോക്ടര്‍മാര്‍ ഒരേ ലക്ഷണങ്ങള്‍ കണ്ടത്. മൂത്രത്തില്‍ ചെറിയ തോതില്‍ പതയും ശരീരത്തില്‍ നീരുമായിരുന്നു ലക്ഷണങ്ങള്‍. പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മെര്‍ക്കുറി, ഈയം, കാഡ്മിയം, ആഴ്‌സനിക് തുടങ്ങിയ മൂലകങ്ങളുടെ അളവ് അനുവദനീയമായതിലും നൂറിലധികം മടങ്ങാണ് രോഗികളില്‍ കണ്ടത്. എല്ലാവരും ഉപയോഗിച്ചത് ഒരേ തരത്തിലുള്ള വിവിധ പേരുകളില്‍ പുറത്തിറങ്ങിയ ഫേഷ്യല്‍ ക്രീമുകളാണ്.

മറ്റ് ആശുപത്രികളിലും ഇത്തരം രോഗികള്‍ എത്തുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ അന്വേഷണത്തില്‍ വ്യക്തമായി. ചൈന, പാകിസ്ഥാന്‍, തുര്‍ക്കി രാജ്യങ്ങളുടെ ലേബലിലാണ് ഉല്‍പന്നങ്ങള്‍ ഫാന്‍സി കടകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും വില്‍പ്പന നടത്തുന്നത്. ആരോഗ്യ വകുപ്പിനെ വിഷയം അറിയിച്ചിട്ടുണ്ടെന്നും വലിയ ജാഗ്രത വേണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Comments
error: Content is protected !!