സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാൻ സർക്കാർ നീക്കം

സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാൻ സർക്കാർ നീക്കം. ഇതുസംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരാനാണ് ആലോചന.

11 സർവകലാശാല വി സിമാരെ പുറത്താക്കാനുള്ള നീക്കത്തിലൂടെ ഗവർണർ സൃഷ്ടിച്ച വൻ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികളാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനിടയിലാണ് സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റണമെന്ന നിർദേശമുയർന്നത്.

നിർദേശം പ്രായോഗികമാക്കുകയാണെങ്കിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് ഉടനെ പുറത്തിറക്കും. നേരത്തേ സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഘട്ടത്തിലെല്ലാം തന്നെ ചാൻസലർ പദവിയിൽനിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി പറഞ്ഞിരുന്നു. 

നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ പദവി ഗവർണർക്കാണ്. ഓരോ സർവകലാശാലയുടെയും ആക്ടിലാണ് ഗവർണറെ ചാൻസലറായി നിശ്ചയിച്ചിരിക്കുന്നത്. പദവിയിൽനിന്ന് നീക്കുകയാണെങ്കിൽ ഈ സർവകലാശാലകളുടെ ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓർഡിനൻസ് കൊണ്ടുവരേണ്ടത്.

നേരത്തേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം സംബന്ധിച്ച് ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റുന്ന രീതിയിലാണ് ശുപാർശ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കാനും ഓരോ സർവകലാശാലക്കും അക്കാദമിക് മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളെ ചാൻസലറായി നിയമിക്കാനുമായിരുന്നു ശുപാർശ. 

Comments

COMMENTS

error: Content is protected !!