ഹരിതചട്ടപ്രകാരം കൊച്ചുമകളുടെ വിവാഹം നടത്താന്‍ ആമിനാത്ത 

നാടും നഗരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരിന്റെ ഹരിതകേരള മിഷനും കോഴിക്കോട് ജില്ലാഭരണകൂടവും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പൊതുജനങ്ങളും മുന്നിട്ടിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്റെ മികച്ച ഉദാഹരണമാണ് കാവിലുംപാറ പഞ്ചായത്തിലെ വാര്‍ഡ് 11 ലെ താമസക്കാരിയായ ആമിന. പഞ്ചായത്തില്‍ നടന്ന ഹരിത നിയമാവലി പാഠത്തില്‍ നിന്ന് ഉള്‍ക്കൊണ്ട തിരിച്ചറിവില്‍ നിന്ന് നവംബര്‍ 10 ന് നടക്കുന്ന തന്റെ കൊച്ചുമകളുടെ കല്യാണം ഹരിതചട്ടപ്രകാരം നടത്താനാണ് ആമിനയുടെ തീരുമാനം. ഈ കാര്യം എഴുതി കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. പ്ലാസ്റ്റിക് ആവരണമുള്ള ഡിസ്പോസിബിള്‍ പ്ലേറ്റില്‍ ചൂട് ഭക്ഷണം വിളമ്പി നല്‍കുന്നത് വിഷമാണ് എന്ന തിരിച്ചറിവാണ്  ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആമിന പറയുന്നു. ഹരിതകേരളത്തിന്റെ സന്ദേശ വാഹകരും ആമിനയെ പോലുള്ളവരാണ്.
 ഉയര്‍ന്ന വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ആമിനാത്തയ്ക്ക് ഉണ്ടായ തിരിച്ചറിവ് സമൂഹത്തിന് ആകെ മാതൃകയാക്കാവുന്നതാണെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് പറഞ്ഞു. ഈ മുന്നേറ്റത്തിനുള്ള  സമ്മാനമായി ഹരിതകല്യാണം സംബന്ധിച്ച സാക്ഷ്യപത്രവും ആമിനതാത്തക്ക് നല്‍കും. കേരളത്തെ ഹരിത സൗഹൃദമാക്കുന്നതിനായി നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. മാലിന്യങ്ങള്‍ വലിച്ചെറിയാതെയും കത്തിക്കാതെയും മലിനജലം ഒഴുക്കാതെയും ഡിസ്പോസിബിള്‍ സാധനങ്ങള്‍ ഉപയോഗിക്കാതെയുമുള്ള ഒരു സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കാനാണ് ഹരിതകേരള മിഷന്‍ ശ്രമിക്കുന്നത്.  ഇങ്ങനെ ചെയ്താലുള്ള നിയമ ലംഘനങ്ങള്‍ പഠിപ്പിച്ചു കൊണ്ടുമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഹരിതനിയമാവലി ക്യാമ്പയിന്‍ പരിശീലനങ്ങള്‍ വാര്‍ഡ് തലത്തില്‍ വരെ നടത്തിയത്. ബോധവത്കരണപരിപാടികളുടെ ഫലമായി ആളുകള്‍ ഹരിതചട്ടപ്രകാരം ചടങ്ങുകളും യോഗങ്ങളും നടത്തുന്നുണ്ടെന്നും മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പറഞ്ഞു.
കാവിലുംപാറ ഗ്രാമപഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ ഗ്രാമസഭകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് പറഞ്ഞു. നിര്‍ദ്ദേശം പാലിക്കാത്തവരുടെ വിവാഹങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കില്ലെന്ന തീരുമാനവും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  വിവാഹ ചടങ്ങുകളില്‍ ഭക്ഷണം കഴിക്കാന്‍ വാഴയിലകളും വെള്ളം കുടിക്കാല്‍ സ്റ്റീല്‍ ഗ്ലാസുകളും മാത്രം ഉപയോഗിക്കാനാണ് പഞ്ചായത്തിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിച്ചുകൊണ്ടാണ് ആമിനതാത്ത മുന്നോട്ടു വന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
Comments

COMMENTS

error: Content is protected !!