ഹരിതനിയമ പ്രഖ്യാപനം ഒക്ടോബര്‍ 2 ന് — ജില്ലയിലെ 1556 വാര്‍ഡുകളിലായി ഒന്നര ലക്ഷത്തിലധികം ആളുകളിലേക്ക് സന്ദേശം എത്തിക്കും

ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ഹരിതനിയമം നടപ്പിലാക്കല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബ്ലോക്ക്തല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണം, പരിസര മലിനീകരണം, ജലമലിനീകരണം എന്നിവ തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നത് കര്‍ശനമാക്കാനാണ് ഈ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
 ഇതിന്റെ ഭാഗമായി ഹരിതകേരളം മിഷനും കിലയും ചേര്‍ന്ന് നിയമങ്ങള്‍ സംബന്ധിച്ച് ജനകീയ ബോധവല്‍ക്കരണ പരിപാടിയായി ഹരിതനിയമ ക്യാമ്പയിന്‍ നടത്തും. ഓരോ വാര്‍ഡിലും നൂറൂ പേരിലെങ്കിലും ഇതു സംബന്ധിച്ച സന്ദേശം എത്തിക്കാനാണ് ശ്രമം.
 ക്യാമ്പയിനിന്റെ ആദ്യ പടിയായി ആഗസ്റ്റ് രണ്ടിന് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും തുടര്‍ന്ന് ആഗസ്റ്റ് എട്ട്, ഒന്‍പത് തിയ്യതികളിലായി അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും ജില്ലാതലത്തില്‍ പരിശീലനം നല്‍കി.
വാര്‍ഡ്തലത്തില്‍ ജനങ്ങള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതിന് രണ്ട് വാര്‍ഡിന് ഒരാള്‍ എന്ന നിലയില്‍ തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സണ്‍മാര്‍ക്കാണ് ഈ നിയമബോധവല്‍ക്കരണം നടത്തുന്നത്. തുടര്‍ന്ന് ഈ റിസോഴ്സ് പേഴ്സണ്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന ടീം ഒരു വാര്‍ഡില്‍ രണ്ട് പരിശീലനം എന്ന തോതില്‍ ചുരുങ്ങിയത് വാര്‍ഡ് ഒന്നില്‍ 100 പേര്‍ക്ക് പരിശീലനം നല്‍കും. ഇത്തരത്തില്‍ ജില്ലയിലെ 1556 വാര്‍ഡുകളിലായി 155600  ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പഞ്ചായത്തീരാജ്/മുനിസിപ്പാലിറ്റി നിയമവും, ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചുളള കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍, ജലമലിനീകരണത്തിനെതിരെയുള്ള നിയമങ്ങള്‍, പൊതുജനാരോഗ്യ നിയമങ്ങള്‍, ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം എന്നിങ്ങനെയുള്ള വിവിധ നിയമങ്ങള്‍ സംബന്ധിച്ച് അവബോധം നല്‍കും..
ജില്ലയില്‍ ഇതിനോടകം തൂണേരി, ബാലുശ്ശേരി, തോടന്നൂര്‍, കോഴിക്കോട്, കുന്നുമ്മല്‍ ബ്ലോക്കുകളിലെ പരിശീലനങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് (സെപ്തംബര്‍ 5) വടകര ബ്ലോക്ക്, വടകര മുനിസിപ്പാലിറ്റികളുടെ പരിശീലനം വടകര ബ്ലോക്ക് ഹാളിലും, കൊടുവള്ളി ബ്ലോക്ക്, കൊടുവള്ളി മുനിസിപ്പാലിറ്റികളുടെ പരിശീലനം കൊടുവള്ളി ബ്ലോക്ക് ഹാളിലും നടത്തും.  നാളെ (സെപ്തംബര്‍ 6)  ചേളന്നൂര്‍ ബ്ലോക്ക് പരിശീലനം ചേളന്നൂര്‍ ബ്ലോക്ക് ഹാളിലും, പേരാമ്പ്ര ബ്ലോക്ക് പരിശീലനം പേരാമ്പ്ര ബ്ലോക്ക് ഹാളിലും, മേലടി ബ്ലോക്ക്, പയ്യോളി മുനിസിപ്പാലിറ്റികളുടെ പരിശീലനം മേലടി ബ്ലോക്ക് ഹാളിലും നടക്കും. സെപ്തംബര്‍ ഏഴിന് കുന്നമംഗലം ബ്ലോക്ക്, മുക്കം മുനിസിപ്പാലിറ്റികളുടെ പരിശീലനം കുന്നമംഗലം ബ്ലോക്ക് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും പന്തലായനി ബ്ലോക്ക്, കൊയിലാണ്ടി മുനിസിപ്പാലിറ്റികളുടെ പരിശീലനം കൊയിലാണ്ടി മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പന്തലായനി ബ്ലോക്ക് വിപണന കേന്ദ്രത്തിലും സംഘടിപ്പിക്കും.
തുടര്‍ന്ന് വാര്‍ഡ്തല പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ രണ്ടിന് ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന പ്രഖ്യാപനം ഓരോ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തലത്തിലും നടത്താനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ച് നിയമങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കും. മാലിന്യങ്ങള്‍ വലിച്ചെറിയുകയും ജലാശയങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന ജനങ്ങളുടെ സ്വഭാവത്തിലും സമീപനത്തിനും മാറ്റം വരുത്തുന്നതിനാണ് ഈ പരിശീലന പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
Comments

COMMENTS

error: Content is protected !!