ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതി ബെഞ്ച് തള്ളി

ബെംഗളൂരു∙ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേത‍ൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിര്‍ക്കാനാവില്ല‌െന്നും കോടതി വിലയിരുത്തി. 

മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സർക്കാരിന് നിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 11 ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി കേസിൽ വിധി പറഞ്ഞത്. ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത്, ജസ്റ്റിസ് ജെ.എം.ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍.

കേസിൽ വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങൾക്കും ആളുകൾ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Comments

COMMENTS

error: Content is protected !!