ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന കായക്കൊടി സ്വദേശിനിയുടെ മരണത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു
ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന കായക്കൊടി സ്വദേശിനിയുടെ മരണത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. മാവൂർ സ്വദേശി മുഹമ്മദ് അമലിനെയാണ് അറസ്റ്റ് ചെയ്തത് . ബലാത്സംഗം, ആത്മഹത്യാ പ്രേരണ, എസ്.സി-എസ്.ടി വകുപ്പുകൾ എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.
കഴിഞ്ഞമാസം 13-നാണ് കോഴിക്കോട്ടെ വാടക വീട്ടിൽ കായക്കൊടി സ്വദേശിയായ ചന്ദ്രന്റെ മകൾ ആദിത്യ ചന്ദ്ര(22)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെ മരണം കഴിഞ്ഞ് ഒരാഴ്ചയായിട്ടും പോലീസ് ചോദ്യം ചെയ്തില്ലെന്നും യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അച്ഛൻ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് പോലീസിൽനിന്ന് ലഭിച്ച വിവരം. സംഭവത്തിൽ മയക്കുമരുന്ന് ലോബിയുടെ പങ്കും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മരണത്തിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ജില്ലാ പോലീസ് മേധാവിക്ക് കമ്മിഷൻ നിർദേശം നൽകിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.