World

ഹോങ്കോങ്: ജനാധിപത്യവാദി നേതാവ് ജയിൽമോചിതനായി

ഹോങ്കോങ് ∙ ചൈനയ്ക്കു കുറ്റവാളികളെ കൈമാറാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലിനെതിരായ ജനകീയ പ്രക്ഷോഭം 2–ാം ആഴ്ചയിലേക്കു കടക്കുമ്പോൾ, ബെയ്‌ജിങ് അനുകൂല ഹോങ്കോങ് ഭരണകൂടത്തിനു പിന്തുണ ആവർത്തിച്ച് ചൈന. ബിൽ റദ്ദാക്കണമെന്നും ഹോങ്കോങ് ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നുമാണ് തെരുവിൽ തുടരുന്ന പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നത്. എന്നാൽ, കാരി ലാം രാജിവയ്ക്കാൻ ശ്രമിച്ചാലും ചൈന അനുവദിക്കില്ലെന്നാണു സൂചന. രാജിവച്ചാൽ സ്ഥിതി വഷളാക്കുമെന്ന് ബെയ്ജിങ് വിലയിരുത്തുന്നു. കാരി ലാമിന്റെ ഓഫിസിനു പുറത്തു റോഡിൽ ഉപരോധം ഇന്നലെയും തുടർന്നു.

 

അതിനിടെ, കഴിഞ്ഞ മാസം അധികൃതർ ജയിലിൽ അടച്ച പ്രമുഖ ജനാധിപത്യവാദി നേതാവ് ജോഷ്വ വോങ് മോചിതനായി. പ്രക്ഷോഭത്തിൽ പങ്കു ചേരുമെന്ന്, 2014 ലെ 79 ദിവസം നീണ്ട ജനാധിപത്യ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ വോങ് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെയും തെരുവിലിറങ്ങിയ പ്രക്ഷോഭകർ പിന്നീടു പ്രധാന റോഡുകളിൽനിന്നും പിൻവാങ്ങി ലെജിസ്‍ലേറ്റീവ് കൗൺസിൽ സമുച്ചയ പരിസരത്തും ഉദ്യാനങ്ങളിലും തമ്പടിച്ചു. കഴിഞ്ഞ ഞായറാഴ്ച 20 ലക്ഷത്തിലേറെ തെരുവിലിറങ്ങിയെന്നാണു സമരനേതാക്കളുടെ കണക്ക്. സമരത്തിൽ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ശരിയാണെങ്കിൽ ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയപ്രക്ഷോഭമായി ഇതു മാറും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button