ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും കോർപറേഷൻ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത മാംസം ഉൾപ്പെടെയുള്ളവയാണ് കണ്ടെടുത്തത്. എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്റ്റ്ഹിൽ, വെസ്റ്റ്ഹിൽ, പുതിയങ്ങാടി, കോർപറേഷൻ ഓഫിസ് പരിസരം, സൗത്ത് ബീച്ച്, അരീക്കാട്, മോഡേൺ ബസാർ, മാങ്കാവ്, ബീച്ച് ആശുപത്രി പരിസരം എന്നിവിടങ്ങളിലായി 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ ന്യൂനതകൾ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കാരപ്പറമ്പിലെ ക്ലോക്ക് ടവർ റസ്റ്റാറന്‍റ്, ഹോട്ട് ബൺസ്, ഈസ്റ്റ്ഹില്ലിലെ കാലിക്കറ്റ് ബേക്കേഴ്സ് ആൻഡ് കേക്ക്സ്, ബീച്ചിലെ മമ്മാസ് ആൻഡ് പപ്പാസ്, അരീക്കാട്ടെ ട്രീറ്റ് ഹോട്ട് ആൻഡ് കൂൾ എന്നിവക്കാണ് നോട്ടീസ് നൽകിയത്. ഇതിൽ വളരെ മോശമായ നിലയിൽ പ്രവർത്തിച്ചിരുന്ന കോർപറേഷൻ ഓഫിസിനുസമീപത്തെ പപ്പാസ് ആൻഡ് മമ്മാസ് താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. പരിശോധന നടത്തിയവയിൽ കാരപ്പറമ്പ് ഹോട്ട് ബൺസ്, ബീച്ചിലെ പപ്പാസ് ആൻഡ് മമ്മാസ് എന്നിവിടങ്ങളിൽ നിന്ന് 35 കിലോ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം, ശുചിത്വം -മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത, കുടിവെള്ളത്തിന്‍റെ ഗുണനിലവാരം, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളുടെയും ഉപയോഗം തടയൽ എന്നിവയും പരിശോധനക്ക് വിധേയമാക്കി. വരും ദിവസങ്ങളിലും അതത് സർക്കിൾ, സോണൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ജൂനിയർ ഹെൽത്ത് ഇൻ സ്പെക്ടർമാരുടെയും നേതൃത്വത്തിൽ അതത് സർക്കിൾ, സോണൽ പരിധിയിലും നൈറ്റ് /ഹോളിഡേ സ്പെഷൽ ഹെൽത്ത് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ മുഴുവൻ പ്രദേശങ്ങളിലും പരിശോധന നടത്തുമെന്ന് കോർപറേഷൻ സെകട്ടറി കെ.യു. ബിനി അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. മനൂജ്, എൻ.ജെ. ഫ്രാൻസിസ്, ഡ്രൈവർ കുമാരൻ എന്നിവർ പങ്കാളികളായി.