കോട്ടാംപറമ്പിൽ ഷിഗല്ലയുടെ സാന്നിധ്യമുണ്ടെന്ന് പ്രാഥമിക വിവരം
കോഴിക്കോട്: ഷിഗല്ല രോഗബാധയുണ്ടായ മായനാട് കോട്ടാംപറമ്പിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രാഥമിക വിവരം. മലാപ്പറമ്പ് റീജ്യണൽ അനലെറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയുടെ പ്രാഥമിക ഘട്ടത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. വിശദമായ അന്തിമ പരിശോധനാഫലം നാലുദിവസം കഴിഞ്ഞാൽ ലഭിക്കും. പ്രദേശത്തെ നാനൂറോളം കിണറുകളിൽ ഇതിനകം സൂപ്പർ ക്ലോറിനേഷൻ നടത്തി.
ഒമ്പതുപേർക്ക് ഷിഗല്ല സ്ഥിരീകരിച്ച പ്രദേശത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള ഡോ. കെ സി സച്ചിൻ, ഡോ. നിഖിലേഷ് മേനോൻ എന്നിവർ ബുധനാഴ്ചയും തെളിവെടുപ്പ് നടത്തി. ലക്ഷണങ്ങളുള്ളവർക്ക് മരുന്ന് നൽകിയിരുന്നു. ഇവരോട് വ്യാഴാഴ്ച നടക്കുന്ന തുടർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് കമ്യൂണിറ്റി വിഭാഗം കോട്ടാംപറമ്പിൽ നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു