SPECIAL
27 വർഷം മുൻപ് നഷ്ടപ്പെട്ടതെല്ലാം ഒരുദിവസം കൊണ്ട് തിരിച്ചുവന്നപോലെ: ഡയാന ലിസി
പേരാമ്പ്ര ∙ 27 വർഷം മുൻപ് തനിക്ക് നഷ്ടപ്പെട്ടതെല്ലാം ഒരു ദിവസം കൊണ്ട് തിരിച്ചു വന്ന പോലെ– ഡയാന ലിസി ഇങ്ങനെ പറഞ്ഞാണ് പുതിയ വീട്ടിലേക്ക് കാലെടുത്തു വച്ചത്. തന്റെ വീട് എന്ന സ്വപ്നം പൂവണിയുമ്പോൾ ബന്ധുക്കളായി മുഴുവൻ നാട്ടുകാരും എത്തിയതിലും സന്തോഷം പ്രകടിപ്പിച്ചു. നാട്ടുകാരും ജനപ്രതിനിധികളും വിദ്യാർഥികളും അധ്യാപകരും പേരാമ്പ്രയിലെ വ്യാപാരികളും തൊഴിലാളികളും ചേർന്നായിരുന്നു ഗൃഹ പ്രവേശ ചടങ്ങ് നടത്തിയത്.
നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണൻ ലിസിക്ക് നിലവിളക്ക് കൈമാറി. കെയർ ഫൗണ്ടേഷൻ ഭാരവാഹി ടി.കെ.നൗഷാദ് ഭരണഘടനയുടെ ആമുഖം വായിച്ചു. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് യൂണിറ്റും പേരാമ്പ്ര കെയർ ഫൗണ്ടേഷനും ചേർന്നാണ് പേരാമ്പ്ര ചേനോളിയിൽ 4 സെന്റ് സ്ഥലം വാങ്ങി പതിമൂന്നര ലക്ഷം രൂപ ചെലവിൽ വീടും കിണറും പൂർത്തിയാക്കിയത്.
ഗൃഹ പ്രവേശനത്തിന് ആവശ്യമായ മുഴുവൻ മധുര പലഹാരങ്ങളും ചായയും ഒരുക്കിയത് കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരുമാണ്. ലിസിക്ക് ആവശ്യമായ വീട്ടുപകരണങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളും, സന്നദ്ധ സംഘടനകളും കൈമാറി. വ്യക്തികളും സമ്മാനങ്ങളും ആയിട്ടാണ് എത്തിയത്. ദയ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ ലിസിയെ ഏപ്രിൽ ആദ്യ വാരം ബഹ്റൈൻ സന്ദർശനത്തിന് ക്ഷണിക്കുകയും ചെയ്തു.
നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എ.വി അബ്ദുല്ല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി, കെ ടി ബാലകൃഷ്ണൻ, വി. എം മനോജ്,ഇ. പി റിനി, കെ. യു ജിതേഷ്, പിസി മുഹമ്മദ് സിറാജ് എന്നിവർ പ്രസംഗിച്ചു. വർഷങ്ങൾക്ക് മുൻപ് ഉത്തരേന്ത്യയിൽ നിന്ന് എത്തിയ ഡയാന ലിസി ചെരുപ്പു കുത്തി കിട്ടുന്ന ചെറിയ തുക ജീവകാരുണ്യത്തിനു മാറ്റിവച്ചാണ് ശ്രദ്ധേയയായത്.
Comments