അരവയര്‍ മാത്രമേ ഭക്ഷിക്കാവൂ എന്ന് പറയുന്നത് ഇതുകൊണ്ടാണ്

ആവശ്യമുള്ളതിലും വളരെ കുറഞ്ഞ അളവിലുള്ള ആഹാരം ബലത്തെയും ഓജസ്സിനെയും പുഷ്ടിപ്പെടുത്തുകയില്ല. ആവശ്യത്തിലും കൂടുതലായി കഴിക്കുന്നതാകട്ടെ രോഗങ്ങൾക്കും കാരണമാകുന്നു.

ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. ആഹാരത്തിന്റെ അളവ് കുറഞ്ഞാൽ ഊർജത്തിന്റെ കുറവ് ഉണ്ടാകുന്നു. ഇത് തുടർന്നു പോയാൽ ശരീരത്തിന്റെ ബലം, ശരീരത്തിന്റെ വളർച്ചാ പ്രക്രിയ, രോഗപ്രതിരോധശേഷി എന്നിവയ്ക്ക് കാര്യമായ ഹാനി സംഭവിക്കും.

രാവിലത്തെ ഭക്ഷണം സമയക്കുറവു മൂലം ഒഴിവാക്കുന്നത്, അമിതഭാരം കുറയ്ക്കാനായി ശാസ്ത്രീയമല്ലാതെ ഭക്ഷണ നിയന്ത്രണം നടത്തുന്നത്, വിശന്നിരിക്കുമ്പോൾ വെള്ളം കുടിക്കുന്നത് തുടങ്ങിയവ നാം അറിയാതെ തന്നെ ആഹാരത്തിന്റെ അളവ് കുറയുന്നതിനു കാരണങ്ങളാണ്.

അധികമായ അളവിൽ കഴിക്കുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ഹാനി സംഭവിക്കുന്നതിലേക്ക് നയിക്കുന്നു. ആദ്യം കഴിച്ചത് ദഹിക്കുന്നതിനു മുൻപ് വീണ്ടും ഭക്ഷണം കഴിക്കുന്നത്, സ്വാദിഷ്ടമായതിനാൽ ആവശ്യത്തിലധികം കഴിക്കുന്നത്, ടി.വിയും മൊബൈൽഫോണും ശ്രദ്ധിച്ചുകൊണ്ട് കഴിക്കുന്നത് എന്നിവ ആഹാരത്തിന്റെ അധിക അളവിന്റെ ഉദാഹരണങ്ങളാണ്.

മിക്സി, ഗ്രെയ്ൻഡർ തുടങ്ങിയവ അരയ്ക്കുവാനുള്ള ഉപകരണങ്ങളാണ്. ഇവയിൽ ഒരു നിശ്ചിത അളവിനു താഴേയോ മുകളിലോ അരയ്ക്കുവാനുള്ള വസ്തു സജ്ജമാക്കിയാൽ, അരവ് ശരിയാവില്ല എന്ന് നമുക്ക് വളരെ കൃത്യമായി അറിയാവുന്നതാണ്. അരയ്ക്കാനുള്ളവ കണക്കനുസരിച്ച് ചേർക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഈ നിരീക്ഷണവും ശ്രദ്ധയും ജീവനുള്ള ശരീരത്തിന്റെ കാര്യത്തിലും ആവശ്യമല്ലേ?

വയറിന്റെ പകുതി ഭാഗം മാതമേ ഖരരൂപത്തിലുള്ള ഭക്ഷണം കൊണ്ട് നിറയ്ക്കാവൂ. അതായത് അരവയർ മാത്രമേ ഭക്ഷിക്കാവൂ എന്നർഥം. വയറിന്റെ നാലിലൊരു ഭാഗം വെള്ളത്തിനായും ബാക്കി കാൽ ഭാഗം വായുവിന്റെ സ്വതന്ത്ര സഞ്ചാരത്തിനായും മാറ്റിവെക്കണം.

Comments

COMMENTS

error: Content is protected !!