പന്തലായനി സ്വദേശി അഭിമന്യു തിരിച്ചെത്തി; യുദ്ധഭൂമിയിൽ നിന്ന്
കൊയിലാണ്ടി: ഉക്രയിനിലെ യുദ്ധത്തിൽ അകപ്പെട്ട് പോയ പന്തലായനി സ്വദേശി തച്ചോട്ടു താഴെ(ഗംഗ )അഭിമന്യു വിജയൻ നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തി. റുമേനിയൻ അതിർത്തിയിൽ നിന്ന് 180 കിലോമീറ്റർ അകലെ ഇവനോ ഫ്രാൻകിയിലെ വിസ്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയാണ് അഭിമന്യു . യുദ്ധം ആരംഭിച്ചത് തന്നെ ഇവാനോ ഫ്രാങ്കിയിലുൾപ്പെടെ നാലു കേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തി കൊണ്ടായിരുന്നെന്ന് അഭിമന്യു പറയുന്നു. യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കോസ് മിൻഡ്സ് കമ്മ്യൂണിറ്റി കൺവീനർ കൂടിയാണിയാൾ. അവിടെ സ്വാധീനമുള്ള ഒരു ഫിലിം ഡയരക്ടറേയും മറ്റും ഉപയോഗപ്പെടുത്തി, സഹപാഠികളായ 64 മലയാളികളടക്കം 450 വിദ്യാർത്ഥികളെ റുമേനിയൻ അതിർത്തിയിലെത്തിക്കാൻ കഴിഞ്ഞു. അവിടെ നിന്ന് ഓപ്പറേഷൻ ഗംഗ വഴി ഡൽഹിയിൽ എത്തിക്കാനും സാധിച്ചു. സുഹൃത്തുക്കളെ അതിർത്തിയിലെത്തിക്കാൻ സഹായിച്ചതിന് നന്ദി രേഖപ്പെടുത്തി കൊണ്ട്, അവർ വാട്സാപ്പ് വഴി അയച്ച സന്ദേശങ്ങളും അഭിമന്യു പങ്കുവെച്ചു.
ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധാകൃഷ്ണൻ, ബി ജെ പി ജില്ലാ ട്രഷറർ വികെ ജയൻ, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ്, ജന.സെക്രട്ടറി കെ വി സുരേഷ്, മണ്ഡലം ട്രഷറർ ഒ മാധവൻ എന്നിവർ പന്തലായനിയിലെ വീട്ടിൽ അഭിമന്യുവിനെ സന്ദർശിച്ചു