വികസനം; മൂടാടി തിക്കോടി പഞ്ചായത്തുകളിൽ ജനവാസം അസാദ്ധ്യമാക്കുമെന്ന് നാട്ടുകാർ
കൊയിലാണ്ടി: തീരദേശ പരിപാലന നിയമത്തിലെ നിബന്ധനകൾ, തീരദേശപാത, ദേശീയപാത, റെയില്‍വേ പാത, നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, പിന്നെ വെളളറക്കാട് ചാലിയും കനാലും അകലാപ്പുഴയും. ഇതിനിടയില്‍ കെ റെയില്‍ കൂടി തിരുകിക്കയറി വരുമ്പോൾ മൂടാടിയിലെ ജനങ്ങൾക്ക് താമസിക്കാൻ ഇടമില്ലാതാകുമെന്ന് ജനങ്ങൾക്ക് ആശങ്ക. ഇന്നത്തെ താമസക്കാർ തന്നെ ധാരാളം പേർ കുടിയൊഴിഞ്ഞ് എങ്ങോട്ടെങ്കിലും മാറിത്താമസിക്കേണ്ടിവരും.
ജീവനോപാധികൾ, തൊഴിൽ, സംസ്കാരം, എന്നിവ പരിഗണിക്കുമ്പോൾ എങ്ങോട്ട് കുടിയേറും എന്നത് കടുത്ത ആശങ്കയാണ്. മക്കൾക്കോ മറ്റോ പുതുതായി വീടോ മറ്റ് കെട്ടിടങ്ങളോ നിര്‍മ്മിക്കാന്‍ ഒരിഞ്ച് ഭൂമി തീരദേശത്തോ ഇടനാട്ടിലോ കിട്ടാനിടയില്ല.
സമീപത്തെ തിക്കോടി ഗ്രാമ പഞ്ചായത്തിലെ അവസ്ഥയും സമാനമാണെന്ന് ഇവർ പറയുന്നു. മൂടാടി പഞ്ചായത്തിലെ കടലോരമേഖല തീരദേശ പരിപാലന നിയമത്തിലെ മൂന്ന് ബി വിഭാഗത്തിലാണുളളത്. പഞ്ചായത്തിലെ ഒന്ന്,12,16,17,18 വാര്‍ഡുകളിലുളളവരാണ് തീരദേശ നിയമത്തിന്റെ നിയന്ത്രണങ്ങളില്‍പ്പെടുന്നത്. തിക്കോടി പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളിലും സമാനമായ അവസ്ഥയുണ്ട്. മൂടാടിയില്‍ ഒന്ന് രണ്ട്,12,13,16,17,18 വാര്‍ഡുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
2019 ജനുവരി 18ലെ വിജ്ഞാപന പ്രകാരം തീരദേശ നിയന്ത്രണമേഖലയെ സി ആര്‍ സെഡ് (കോസ്റ്റൽ റെഗുലേഷൻ സോൺ) മൂന്ന്-എയെന്നും മൂന്ന്-ബിയെന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. സി ആര്‍ സെഡ് മൂന്ന് ബി വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളില്‍ 200 മീറ്ററിനും 500 മീറ്ററിനും ഇടയിലുളള പ്രദേശത്ത് ഉയരം ഒന്‍പത് മീറ്റര്‍ കവിയാത്ത കെട്ടിടങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. മൂടാടിയില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ തീരത്ത് നിന്ന് 500 മീറ്റര്‍ വിട്ട് മാത്രമേ ഇരുനില കെട്ടിടങ്ങള്‍ പോലും നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കുകയുളളു. മൂടാടി പഞ്ചായത്തില്‍ കടലോരത്ത് പുതുതായി നിര്‍മ്മിച്ച വീടുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാന്‍ നിബന്ധനകള്‍ കാരണം ഇപ്പോള്‍ തന്നെ കഴിയുന്നില്ല. വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ വേണ്ടി താല്‍ക്കാലിക നമ്പറുകളാണ് നല്‍കുന്നത്. 500 മീറ്ററിനുളളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ നിലവിലുളള ദേശീയ പാതയ്ക്ക് വടക്ക് ഭാഗത്ത് മാത്രമേ ജനവാസവും ഏതെങ്കിലും തരത്തിലുളള വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ലഭിക്കുകുകയുളളു.
ദേശീയപാതയോട് ചേര്‍ന്ന് തന്നെയാണ് ഇവിടെ റെയില്‍വേ പാത കടന്നു പോകുന്നത്. റെയിലിന്റെ കിഴക്ക് ഭാഗത്തേക്ക് അല്‍പ്പം കൂടി പോയാല്‍ 45 മീറ്റര്‍ വീതിയില്‍ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്നു. ബൈപ്പാസ് കടന്നു പോകുന്നത് വിസ്തൃതമായ വെളളറക്കാട് ചാലി പോലുളള പാടശേഖരങ്ങള്‍ മുറിച്ചാണ്. ചാലി വലിയ തോതിൽ നികത്തപ്പെടുന്നതോടെ വലിയ കുടിവെള്ള ക്ഷാമത്തിനും സാദ്ധ്യതയുണ്ട്. ഡേറ്റാബേങ്കില്‍ ഉള്‍പ്പെടുന്നതിനാല്‍ പാടശേഖരങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കില്ല. അല്പം കൂടി കിഴക്കോട്ട് പോയാല്‍ അകലാപ്പുഴയാണ്. പുഴയോരത്തും തീരദേശ പരിപാലന നിയമം ബാധകമാണ്.
സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദിഷ്ട കെ റെയില്‍പദ്ധതി കടന്നു പോകുക റെയിലിന് സമീപത്ത് കൂടി തന്നെയാണെന്നാണറിയുന്നത്. നന്തിയിലെ വളവ് നിവര്‍ത്തിയായിരിക്കും സില്‍വര്‍ ലൈന്‍ പോകുക. അപ്പോള്‍ കൂടുതല്‍ പ്രദേശങ്ങളെ ഇത് ബാധിക്കും. പദ്ധതിക്കായി കുടിയിറക്കപ്പെടുന്നവര്‍ക്ക് പുതുതായി താമസ സൗകര്യം ഒരുക്കാന്‍ വലിയ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരും.
മാത്രവുമല്ല മല്‍സ്യ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും തീരദേശമേഖലയില്‍ നിന്ന് മലയോരത്തേക്ക് ജീവിതം പറിച്ചു നടേണ്ടി വരും. തിരുവനന്തപുരം കാസര്‍ഗോഡ് തീരദേശ റോഡും ഇതോടൊപ്പം വരുന്നുണ്ട്. തീരദേശ റോഡിനു വേണ്ടിയുളള സ്ഥലമേറ്റെടുപ്പു നടപടികളും പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടിയാണ് കുടിയിറക്ക് ഭീഷണി നേരിടുന്നവര്‍ കഴിഞ്ഞ ദിവസം മൂടാടി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയത്.