ഈ കൊടിമരങ്ങളിൽ നീതിയുടെ, ജനാധിപത്യബോധത്തിന്റെ കൊടിക്കൂറകൾ ഇനിയെന്നാണ് പാറിത്തുടങ്ങുക?

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പി പ്രദേശത്ത് അരങ്ങേറിയ അക്രമങ്ങളും കൊടിമരം പിടിച്ചെടുക്കലും വീണ്ടെടുപ്പും രാഷ്ട്രീയ ശ്രദ്ധയാകർഷിക്കുകയുണ്ടായി. കെ പി സി സി പ്രസിഡണ്ട് മുതൽ കോൺഗ്രസ്സ് പ്രാദേശിക നേതൃത്വം വരെ സംഭവങ്ങളിൽ ഉത്കണ്ഠയും അമർഷവും രേഖപ്പെടുത്തി. സി പി എം ഏരിയാ സെക്രട്ടറി സ്വന്തം അണികൾ നടത്തിയ അക്രമസംഭവങ്ങളെ  അപലപിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ വീറും വാശിയുമായി അനുകൂലിച്ചും എതിർത്തും ചർച്ചകൾ നടന്നു. ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും വാർത്താചിത്രങ്ങളും വീഡിയോകളും നിറഞ്ഞു. കലിക്കറ്റ് പോസ്റ്റ് ഈ സംഭവങ്ങളിലൂടെ കടന്നുപോയി തയ്യാറാക്കിയ പ്രത്യേക വാർത്താ ഫീച്ചർ ചുവടെ 

2022 ജൂൺ 13
 
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വായുമാർഗ്ഗം പോയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതായി വാർത്ത പുറത്തു വന്നു. മുഖ്യമന്ത്രിയെ കോൺസ്സ് പ്രവർത്തകർ അക്രമിക്കാൻ ശ്രമിച്ചതായി ആരോപിച്ച്, സംസ്ഥാനമാകെ സി പി എം പ്രവർത്തകർ പ്രതിഷേധ
പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ ഡി വൈ എഫ് ഐ അതിക്രമം.
കോൺഗ്രസ്സ് മുസ്ലീം ലീഗ് ഓഫീസുകൾ, സ്തൂപങ്ങൾ,കൊടിമരങ്ങൾ, കൊടികൾ, ഫ്ലക്സ് ബോർഡുകൾ എന്നിവക്കെതിരെ സംസ്ഥാന വ്യാപകമായി ആക്രമണം നടന്നു. സി പി എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകരും തെരുവിലറങ്ങി. സി പി എം കൊടിതോരണങ്ങളും മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡുകളും അവരും നശിപ്പിച്ചു.

കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പിയിൽ സി പി ഐ (എം) നടേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയുള്ള ജാഥ മുത്താമ്പിയിൽ സമാപിച്ച ഉടനെ മുത്താമ്പിയിലുള്ള കോൺഗ്രസ്സ് സ്തൂപത്തിലും കൊടിമരത്തിലും ഏതാനും സി പി എം പ്രവർത്തകർ കരിഓയിൽ ഒഴിച്ച് പ്രതിഷേധ മുദ്രാവാക്യം മുഴക്കി. സി പി എം പ്രകടനം കടന്നുപോകുമ്പോൾ കോൺഗ്രസ്സ് പ്രവർത്തകർ കൂകി വിളിച്ചതായും അതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് കരിഓയിൽ പ്രയോഗം എന്നും സി പി എം പ്രവർത്തകർ പലയിടത്തും വിശദീകരിച്ചു.

22 ജൂൺ 14

വൈകീട്ട് കോൺഗ്രസ്സിന്റെ ഏതാനും പ്രവർത്തകർ പ്രകടനമായി എത്തി, കരിഓയിൽ ഒഴിച്ച് വികൃതമാക്കിയ കോൺസ്സ് സ്തൂപം തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ, സി പി എം പ്രവർത്തകർ വടി പട്ടിക പോലുള്ള ആയുധങ്ങളുമായി വന്ന് കോൺസ്സ് പ്രവർത്തകരെ ആക്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ പ്രവർത്തകരായ റാഷിദ്, ജിത്തു, നജീബ് എന്നിവർ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. കോൺഗ്രസ്സ് പ്രവർത്തകർ അക്രമിച്ചു എന്നാരോപിച്ച് ചില സി പി എം പ്രവർത്തകർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു.

22 ജൂൺ 15

 

സി പി എം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ ഹർത്താലാചരിക്കാൻ ആഹ്വാനം നൽകി. ഹർത്താൽ പൂർണ്ണമായിരുന്നു. വൈകീട്ട് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പ്രകടനത്തിനിടയിൽ ആയാവിൽ താഴെ വെച്ച്  സി പി എം സമ്മേളനങ്ങളുടെ ഭാഗമായി കൊടികൾ കെട്ടിയിരുന്ന തൂണും വടികളും കോൺസ്സ് പ്രവർത്തകർ മറിച്ചിട്ടു. പ്രകടനം മുത്താമ്പിയിൽ സമാപിക്കുന്ന സമയത്ത് സി പി എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏതാനും പേർ പ്രകടനത്തിലേക്ക് കടന്നുചെന്ന്, തങ്ങളുടെ കൊടിത്തൂണുകൾ തകർത്തിട്ടുണ്ടെന്നും ഒന്നുകിൽ നേതാക്കൾ പരസ്യമായി മാപ്പുപറയണം, അല്ലെങ്കിൽ പുതിയ കൊടിത്തൂണുകൾ സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു. സംഘർഷം ഒഴിവാക്കുന്നതിന് ഇരുഭാഗത്ത് നിന്നും സമാധാനവാദികളായ നേതാക്കളും അണികളും ഇടപെട്ടു. സി പി എം ലോക്കൽ സെക്രട്ടറിയേയും മറ്റും, കോൺഗ്രസ്സുകാർ കൂടിനിൽക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി. രാത്രിയിൽ കോൺഗ്രസ്സ് സ്തൂപത്തിന്റെ മൂവർണ്ണം മാറ്റി ചുവപ്പടിച്ച് സി പി എം കൊടിയുയർത്തി. 

 

22 ജൂൺ 16

കോൺഗ്രസ്സ് സ്തൂപം പിടിച്ചെടുത്ത് ചുവപ്പ് ചായം തേച്ച് ചുവന്ന കൊടിയുയർത്തിയ സംഭവം നാട്ടിൽ വലിയ ചർച്ചയായി. സി പി എം അണികളിലൊരു വിഭാഗത്തിന് ആവേശം. കോൺഗ്രസ്സ് അണികളിൽ രോഷം. സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ച. ചുമട്ടുതൊഴിലാളിയും കോൺഗ്രസ്സ് പ്രവർത്തകനുമായ പുതുക്കുടി നാരായണൻ സ്തൂപത്തിന് മുമ്പിൽ റോഡിലിരുന്ന് ഏകാംഗ സത്യാഗ്രഹം ആരംഭിച്ചു. കോൺഗ്രസ്സ് സ്തൂപം പിടിച്ചെടുത്ത്  പാർട്ടി കൊടിയുയർത്തിയതിൽ സമാധാനവാദികളായ സി പി എം പ്രവർത്തകരിലും നേതാക്കളിലും അതൃപ്തിയുണ്ടായിരുന്നു. അവർ ജില്ലാ ഏരിയാ നേതാക്കളെ ബന്ധപ്പെട്ടു. നേതൃത്വം ഈ നടപടിയെ തള്ളിപ്പറഞ്ഞു. കോൺഗ്രസ്സ് സ്തൂപത്തിലുയുയർത്തിയ പാർട്ടിക്കൊടി അടിയന്തരമായി അഴിച്ചു മാറ്റാൻ നിർദ്ദേശം നൽകി. പ്രാദേശിക നേതാക്കളെത്തി കൊടി അഴിച്ചു മാറ്റി. ഇതിനിടയിൽ കോൺഗ്രസ്സ് പ്രവർത്തകർ പകൽ വെളിച്ചത്തിൽ അവരുടെ സ്തൂപം വീണ്ടെടുത്ത് വീണ്ടും തൃവർണ്ണ നിറം കൊടുത്ത് സ്തൂപത്തിൽ കോൺഗ്രസ്സ് പതാക ഉയർത്തി. നാരായണന് നേതാക്കൾ നാരങ്ങ നീര് നൽകി സത്യാഗ്രഹം അവസാനിപ്പിച്ചു.

 

പുതുക്കുടി നാരായണന്റെ ഏകാംഗ സത്യാഗ്രഹം

കലാപ കലുഷിതമായ മുത്താമ്പിയിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈ ഏകാംഗ സത്യാഗ്രഹം വലിയ പങ്കുവഹിച്ചു എന്ന് പറയാം. ഗാന്ധിയൻ രീതിയിൽ നടത്തിയ ആ സഹന സമരം അക്രമ പാത കൈവെടിയാൻ രാഷ്ട്രീയ പാർട്ടികളോടും വിശേഷിച്ച് അക്രമങ്ങളിൽ അഭിരമിക്കുന്ന ചെറുപ്പക്കാരോടുമുള്ള ഒരു മൗന സംവാദമായി മാറി. ഒരു ചുമട്ടുതൊഴിലാളി മാത്രമായ പുതുക്കുടി നാരായണനെത്തേടി കെ പി സി സി പ്രസിഡണ്ട് സുധാകരന്റെ സന്ദേശമെത്തി. മുത്താമ്പിയിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാ പാർട്ടിയിലും പെട്ട സാധാരണ മനുഷ്യരുടെയാകെ അഭിനന്ദനത്തിന് പുതുക്കുടി നാരായണൻ അർഹനായി.

 

കേസ്സുകൾ
 
സംഭവത്തിൽ കൊയിലാണ്ടി പോലീസ് ഇതുവരെ രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടും കോൺഗ്രസ്സ് പ്രവർത്തകരുടെ പരാതിയിൽ സി പി എം പ്രവർത്തകർ പ്രതികളായി ചാർജ്ജ് ചെയ്തിട്ടുള്ളതാണ്. കോൺഗ്രസ്സ് പ്രവർത്തകരെ പ്രതികളാക്കി,സി പി എം  ഒരു പരാതി നൽകിയിരുന്നെങ്കിലും കേസ്സ് ചാർജ്ജ് ചെയ്തിട്ടില്ല. 

ക്രൈം നമ്പർ 415/22

143, 147, 341, 323, 324, 506, 308 റെഡ് വിത്ത് 149 ഐ പി സി എന്നീ വകുപ്പുളാണ് ഈ കേസ്സിൽ ചേർത്തിട്ടുള്ളത്. ജിത്തു, പ്രവീൺ, അഖിൽ, സുജിത്ത്,  ശ്രീക്കുട്ടൻ, ശ്യാംലാൽ എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന നാലുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. 

ക്രൈം നമ്പർ 416/22

143,147,163 റെഡ് വിത്ത് 149 ഐ പി സി എന്നീ വകുപ്പുകൾ ചേർത്ത് ചാർജ്ജ് ചെയ്ത കേസ്സിൽ, അഭിലാഷ് ആയാവിൽ മീത്തൽ, ബബിലേഷ് മുന്നാനിവാസ്, രമേശൻ കൈപ്പുറത്ത്, സുജിത്ത് പഴംകാവിൽ, പ്രദീപൻ പടന്നയിൽ ഷാലു പടന്നയിൽ എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന ചിലരും പ്രതികളാണ്.

Comments

COMMENTS

error: Content is protected !!