വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നടപടി
കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നടപടി. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വടകര സ്റ്റേഷൻ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തു. വടക സ്റ്റേഷൻ എസ്.ഐ നിജേഷ്, എ.എസ്.ഐ അരുണ്‍, സിവിൽ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ക്കാണ് സസ്പെൻഷൻ. പ്രഥമ ദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്ന് പേരേയും സസ്പെൻഡ് ചെയ്തത്. ഉത്തരമേഖല ഐജി രാഹുൽ ആര്‍ നായര്‍ ആണ് നടപടി സ്വീകരിച്ചത്.
വടകര കല്ലേരി സ്വദേശി സജീവനാണ് സ്റ്റേഷനിൽ വച്ച് ചികിത്സ കിട്ടാതെ മരിച്ചത്. വാഹന അപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം സ്റ്റേഷനില്‍ വച്ച് സജീവനെ മര്‍ദ്ദിച്ചതായി കൂടിയുണ്ടായിരുന്നവര്‍ ആരോപിച്ചിരുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവൻ പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിൻ്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നു.
ഇന്നലെ രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.