ബാലുശ്ശേരി സൗദിയിലേക്കുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് കമ്പനി വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ട്രാവൽസ് ഉടമകൾ മുങ്ങിയതായി പരാതി.
ബാലുശ്ശേരി: സൗദിയിലേക്കുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് കമ്പനി വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ട്രാവൽസ് ഉടമകൾ മുങ്ങിയതായി പരാതി. ബാലുശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന അൽഫാരിസ് ട്രാവൽസ് ഉടമകൾക്കെതിരെയാണ് നിരവധി പേർ പരാതിയുമായി ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയത്.
വിദേശ രാജ്യങ്ങളിൽ വിവിധ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് പത്രങ്ങളിലും മറ്റും പരസ്യം ചെയ്താണ് ട്രാവൽസ് ഉടമകൾ ആളുകളിൽനിന്ന് പണം തട്ടിയത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് ഖത്തറിലെ ദോഹയിലും മറ്റും ഓഫിസുകളുണ്ടെന്നും മറ്റു സവിശേഷതകൾ പറഞ്ഞും ബാലുശ്ശേരിയിലെ ഓഫിസിലേക്കെത്തിച്ച് അഡ്വാൻസ് തുക കൈപ്പറ്റുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട പാലക്കാട് പട്ടാമ്പി ചെറുകിടങ്ങാട് സ്വദേശി ഊരോത്തൊടിയിൽ സിറാജുദ്ദീന്റെ പരാതിയിൽ അൽഫാരിസ് ട്രാവൽസ് ഉടമ പാലക്കാട് സ്വദേശി സൈതലവി, അബൂബക്കർ എന്നിവർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു.
വിസ വാഗ്ദാനം നൽകി പലരിൽ നിന്നും അഡ്വാൻസായി 5000 മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ ട്രാവൽസ് ഉടമകൾ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. പരാതിക്കാരിൽ പലരുടെയും പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഐഡി കാർഡ് എന്നിവയും ഇവർ വാങ്ങിവെച്ചിട്ടുണ്ട്. വിസ ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായവർ ബാലുശ്ശേരിയിലെ ഓഫിസ് തേടി എത്തിയത്. എന്നാൽ, അപ്പോഴേക്കും ഓഫിസ് അടച്ചുപൂട്ടി ഉടമകൾ മുങ്ങിയിരുന്നു.
സംഭവത്തിൽ അഡീഷനൽ എസ്.ഐ എം.കെ. സജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗ്ൾപേ വഴിയും നേരിട്ടും ബാലുശ്ശേരിയിലെ ട്രാവൽസിലെത്തി പലരും പണം നൽകിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും വിസതട്ടിപ്പിൽ മറ്റു കണ്ണികളുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.