CRIMEKERALA

30 മുറിവുകൾ; കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞു: പിതാവിനെ കൊന്നത് 100 രൂപ നൽകാത്തതിൽ

ചങ്ങനാശേരി ∙ പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മകൻ അറസ്റ്റിൽ.  മദ്യപിക്കാൻ 100 രൂപ ആവശ്യപ്പെട്ടു മകൻ നടത്തിയ ആക്രമണത്തിലാണ് പിതാവിന്റെ മരണം. പായിപ്പാട് കൊച്ചുപള്ളിയിൽ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് (കുഞ്ഞപ്പൻ-76) മരിച്ചത്.

മകൻ ജോസഫ് തോമസിനെ (അനി -35) ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, തൃക്കൊടിത്താനം സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

 

സ്വാഭാവിക മരണമെന്ന നിഗമനത്തിൽ 19ന് രാവിലെ 11ന് സംസ്കരിക്കാൻ തീരുമാനിച്ച മൃതദേഹം, നാട്ടുകാരിൽ ചിലരുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.

 

വൈകിട്ട് 6.30നാണ് സംസ്കാരം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്.

 

കോടതി അനിയെ റിമാൻഡ് ചെയ്തു.കുഞ്ഞപ്പനും മക്കളായ അനിയും സിബിയുമാണു വീട്ടിൽ താമസിച്ചിരുന്നത്. കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മ മകൾക്കൊപ്പം റാന്നിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇരട്ടസഹോദരങ്ങളായ അനിയും സിബിയും മദ്യലഹരിയിൽ പിതാവ് കുഞ്ഞപ്പനുമായി വഴക്കുണ്ടാക്കുന്നതു പതിവാണ്.

 

17ന് രാവിലെ കുഞ്ഞപ്പൻ ബാങ്ക് അക്കൗണ്ടിലെ  പെൻഷൻ തുക 1000 രൂപ പിൻവലിച്ചിരുന്നു. അനിയുടെ ഒപ്പമാണ് പെൻഷൻ തുക വാങ്ങാൻ പോയത്. തിരികെ എത്തിയപ്പോൾ 200 രൂപ വീതം അനിക്കും സിബിക്കും കുഞ്ഞപ്പൻ നൽകി. . വൈകിട്ട് മദ്യപിച്ച ശേഷം വീട്ടിൽ എത്തിയ അനി വീണ്ടും 100 രൂപ കുഞ്ഞപ്പനോട് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച കുഞ്ഞപ്പനെ അനി ഉപദ്രവിച്ചു.

 

സിബിയും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ മർദനം തടയാൻ എത്തിയപ്പോൾ ഇടതു തുടയിൽ അനി കടിച്ചതോടെ സിബി പിൻമാറി അടുത്ത മുറിയിൽ പോയി കിടന്നുറങ്ങി. ബഹളം തുടർന്ന അനി കുഞ്ഞപ്പനെ പിടിച്ചു തള്ളി. ഭിത്തിയിലും തുടർന്ന് കട്ടിലിന്റെ പിടിയിലും തല ഇടിച്ചു വീണ കുഞ്ഞപ്പനെ അനി തറയിൽ ഇട്ടു ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം കുഞ്ഞപ്പനെ കട്ടിലിൽ കിടത്തിയ ശേഷം അനി കിടന്നുറങ്ങിയെന്നും പൊലീസ് പറഞ്ഞു.18ന് രാവിലെ അനിയും സിബിയും വീട്ടിൽ നിന്നു പോയി. ഉച്ചയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മുറിക്കുള്ളിൽ കുഞ്ഞപ്പൻ അനക്കമില്ലാതെ കിടക്കുന്നതു കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

 

നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞപ്പനെ നാലുകോടി സെന്റ് റീത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.19ന് രാവിലെ മൃതദേഹം മോർച്ചറിയിൽ നിന്ന് എടുക്കാൻ എത്തിയ ചിലർ തലയുടെ പിൻവശത്തു രക്തം കട്ടപിടിച്ചു കിടക്കുന്നതു കണ്ട് ‍ സംശയം തോന്നി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്വമേധയാ കേസെടുത്ത പൊലീസ് വീട്ടിലെത്തി സംസ്കാരച്ചടങ്ങുകൾ നിർത്തിവയ്ക്കണമെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ശരീരത്തിൽ  30 മുറിവുകൾ
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞപ്പന്റെ ശരീരത്തിൽ 30 മുറിവുകളുള്ളതായാണ് കണ്ടെത്തിയത്. ഇതിൽ 8 എണ്ണം ഗുരുതരമാണ്. കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയിൽ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറിൽ ഉൾപ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി.  രാത്രി 11ന് മുൻപായി മരണം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

 

സംഭവശേഷം തറയിൽ ഉണ്ടായിരുന്ന രക്തക്കറ അനി മായ്ക്കാൻ ശ്രമിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇതു കണ്ടെത്തി. ഭിത്തിയിൽ നിന്ന് രക്തക്കറയും മുടിയുടെ അംശവും പരിശോധനയിൽ കണ്ടെത്തി. പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ അനി കടിച്ചതായി സിബി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. തൃക്കൊടിത്താനം എസ്ഐ സാബു സണ്ണി, എഎസ്ഐമാരായ ശ്രീകുമാർ, സാബു, ക്ലീറ്റസ്, ഷാജിമോൻ, സിപിഒ ബിജു എന്നിവരാണ് അന്വേഷണം നടത്തിയത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button