27ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കമായി

27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് പ്രൗഢമായ തുടക്കം. പ്രേക്ഷകരിലേക്ക് വെളിച്ചം വിതറിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഭയരഹിതമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമെന്നും ഇത് ഉറപ്പുവരുത്താനാകുന്നതാകണം ഇത്തരം മേളകളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചിത്രമായ ടോറി ആന്റ് ലോകിതയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

നിലവിളക്ക് കൊളുത്തിയായിരുന്നില്ല, പ്രേക്ഷകരിലേയ്ക്ക് വെളിച്ചം പകര്‍ന്നായിരുന്നു മുഖ്യമന്ത്രി ലോക കാഴ്ചകളുടെ ഉത്സവത്തിന് തിരശീല ഉയര്‍ത്തിയത്.   നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.

ഇറാനിയൻ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന സംവിധായിക മഹനാസ്‌ മുഹമ്മദിക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം മുഖ്യമന്ത്രി വിതരണം ചെയ്‌തു. യാത്രാനിയന്ത്രണങ്ങൾ കാരണം മഹ്‌നാസിന്‌ നേരിട്ട്‌ പങ്കെടുക്കാൻ കഴിയാത്തതിനാൽ ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി പുരസ്കാരം ഏറ്റുവാങ്ങി.  സാംസ്‌കാരികമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി.

ഫെസ്റ്റിവൽ ബുക്ക് മന്ത്രി ആന്റണി രാജുവിന് നൽകി മന്ത്രി വി ശിവൻകുട്ടിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ മേയർ ആര്യ രാജേന്ദ്രന് നൽകി മന്ത്രി ജി ആർ അനിലും ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന് നൽകി വി കെ പ്രശാന്ത് എംഎൽഎയും പ്രകാശിപ്പിച്ചു.

 ഉദ്ഘാടനശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി അരങ്ങേറി. തുടർന്ന്‌ ഉദ്ഘാടന ചിത്രമായ ടോറി ആൻഡ്‌ ലോകിത പ്രദർശിപ്പിച്ചു. അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ, ജൂറി ചെയർമാനും ജർമൻ സംവിധായികയുമായ വീറ്റ് ഹെൽമർ  തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!