പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന പാതയില്‍ മണ്ണാറകുളഞ്ഞിമുതല്‍ പമ്പ വരെയുള്ള അറുപത് കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 52 സ്ഥലങ്ങള്‍ അതി തീവ്ര അപകടമേഖലയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ മണ്ഡലകാലത്ത് വിളക്കുവഞ്ചി വളവില്‍ രണ്ടു ബസുകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. പിന്നീട് റോഡിന് വീതി അല്‍പ്പം കൂട്ടിയെങ്കിലും അപകട സാധ്യത പൂര്‍ണമായി ഒഴിവായിട്ടില്ല. ളാഹയും രാജാമ്പാറയും കഴിഞ്ഞാല്‍ പ്ലാപ്പള്ളിക്ക് നാല് കി.മീറ്റര്‍ ഇപ്പുറത്തുള്ള കമ്പകത്തും വളവ് എന്നും അപകടം നിറഞ്ഞതാണ്. നിരവധി വാഹനങ്ങളാണ് ഇവിടെ സീസണില്‍ നൂറടിയിലേറെ താഴ്ച്ചയിലേക്ക് മറിഞ്ഞത്.
ഇത്തരം മേഖലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും, മുന്നറിയിപ്പ് ബോര്‍ഡുകള്‍, റിഫെ്ളക്റ്ററുകള്‍ ബിങ്കര്‍ ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കുക, റോഡിന്റെ വശങ്ങളിലെ സുരക്ഷാ ഭിത്തികള്‍ ബലപ്പെടുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അജിത്ത് കുമാറും സംഘവും ശബരിമല പാത പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കലക്ടര്‍ക്കും ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിനും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കൂടാതെ സുരക്ഷാ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി റിപ്പോര്‍ട്ടിനൊപ്പം പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള എസ്റ്റിമേറ്റും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്
.
Comments