KERALA

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആദ്യം ചികിത്സ തേടിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആദ്യം ചികിത്സ തേടിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടു തവണ ചികിത്സ തേടിയിട്ടും ഭക്ഷ്യ വിഷബാധ സംബന്ധിച്ച് ആരോഗ്യവകുപ്പിന് വിവരം നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മരണ കാരണത്തിൽ വ്യക്തതവരുത്താനായി അഞ്ജുശ്രീയുടെ ആന്തരീകാവയവങ്ങള്‍ രാസപരിശോധനക്കയക്കും. കഴിഞ്ഞമാസം 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രുഷ നൽകി അഞ്ജുശ്രീയെ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസവും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും അതേ ആശുപത്രിയിലെത്തി. ഭക്ഷ്യവിഷബാധയേറ്റ ലക്ഷണങ്ങള്‍ കണ്ടിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ല. ഇതിനുശേഷമാണ് അഞ്ജുശ്രീയുടെ ചികിത്സ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. അവിടെ വച്ചാണ് വിദ്യാർഥിനി മരണപ്പെടുന്നത്.

ഭക്ഷണത്തിന്‍റെ സാമ്പിളുകള്‍ കിട്ടാൻ സാധ്യതയില്ലാത്തതിനാലാണ് ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കായി ഫോറൻസിക് ലാബിലേക്കയക്കുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിക്കുന്നതോടെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങള്‍ അറിയാൻ കഴിയും.

ജില്ലാ മെഡിക്കൽ ഓഫിസർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ അഞ്ജുശ്രീയുടെ ശരീരത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷയം സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button