CALICUTDISTRICT NEWS

ക്ലാസ് റൂം പഠനത്തില്‍ നൂതന പരീക്ഷണങ്ങളുടെ പ്രാധാന്യം- ദേശീയ ശില്‍പശാല സംഘടിപ്പിച്ചു

കുട്ടികളില്‍ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന ധാരണകളുറപ്പാക്കുന്നതിന് ശാസ്ത്രക്ലാസ് മുറികളിലാണ് മാറ്റമുണ്ടാവേണ്ടതെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. ‘ക്ലാസ് റൂം പഠനത്തില്‍ നൂതന പരീക്ഷണങ്ങളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും തെരെഞ്ഞെടുത്ത ഫിസിക്സ് അധ്യാപകര്‍ക്കായുള്ള ശില്‍പശാല  കോഴിക്കോട് എന്‍.ഐ.ടി യില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ന്ന ഗ്രേഡ് നേടുന്നത് മാത്രമല്ല. യുക്തിപരമായി ചിന്തിക്കാനും നൂതനാശയങ്ങള്‍ രൂപപ്പെടുത്താനും കഴിയുന്ന രീതിയില്‍ ശാസ്ത്ര പഠന രീതി മാറ്റുകയെന്നതാണ്. ഇതിനായി സര്‍ഗാത്മകതയ്ക്കും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുള്ള പ്രായോഗിക സന്ദര്‍ഭങ്ങളുമൊരുക്കുന്ന രീതിയില്‍ ക്ലാസ് മുറികളിലെ ശാസ്ത്ര പഠനം പുന:ക്രമീകരിക്കണം.  അധ്യപകരെ ശാക്തീകരിക്കണമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം എന്നിവയുടെ പിന്തുണയോടെയാണ് പരിശീലനം. നാല് ദിവസങ്ങളിലായി നടക്കുന്ന റസിഡന്‍ഷ്യല്‍ ശില്‍പശാലയില്‍ 60 അധ്യാപകരാണ് പങ്കെടുക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ക്ക് കാണ്‍പൂര്‍ ഐ.ഐ. ടി.വികസിപ്പിച്ച നൂതന പരീക്ഷണ ഉപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യും. പരിശീലനം ലഭിച്ച അധ്യാപകരെ മെന്റര്‍മാരാക്കിക്കൊണ്ട് ജില്ലാ വിദ്യാഭ്യാസമിഷനും ഡയറ്റും ചേര്‍ന്ന് ജില്ലയിലെ മറ്റ് അധ്യാപകര്‍ക്കും തുടര്‍ പരിശീലനം ആസൂത്രണം ചെയ്ത് നടപ്പിലാക്കും.
എന്‍.ഐ.ടി. ഡയറക്ടര്‍ ഡോ. ശിവാജി ചാറ്റര്‍ജി അധ്യക്ഷത വഹിച്ചു. സോ ബി.കെ. ത്യാഗി,   മനീഷ് കുമാര്‍ യാദവ് എന്നിവര്‍  വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എന്‍.ഐ.ടി. ഫിസിക്സ് വിഭാഗം തലവന്‍ ഡോ. പി.പ്രദീപ്
, യു.കെ.അബ്ദുന്നാസര്‍, ഡോ.സുജിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button