SPECIAL

വ്യക്തിശുചിത്വം- വിട്ടുവീഴ്ച്ച വേണ്ട

നോവല്‍ കൊറോണ വൈറസ് ഇന്നു മാനവരാശിക്കുതന്നെ വളരെ ഭീഷണി ഉയര്‍ത്തുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണു. എങ്ങും രോഗ വ്യാപനത്തിന്റെ കണക്കുകള്‍ മാത്രം. ആളൊഴിഞ്ഞ നിരത്തുകളും രോഗികളാല്‍ കുത്തിനിറയപ്പെട്ട ആശുപത്രികളും ദുരന്തമുഖത്തിന്റെ ആഴവും വ്യാപ്തിയും എടുത്തുകാണിക്കുന്നു. എങ്കിലും ശരിയായി വ്യക്തി ശുചിത്വം പാലിച്ചാല്‍ കൊറോണ പടരുന്നത് ഒരു പരിധിവരെ നമുക്ക് തടയാവുന്നതുമാണ്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന ചെറു സ്രവകണികകളില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും. വൈറസ് സാന്നിദ്ധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിദ്ധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വമെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ശരിയായ വ്യക്തി ശുചിത്വം പാലിച്ചാല്‍ കൊറോണ പടരുന്നത് ഒരു പരിധിവരെ തടയാന്‍ നമുക്ക് സാധിക്കുന്നു.
• ഇടയ്ക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം
• തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക
• കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടുന്ന ശീലം ഒഴിവാക്കണം
• പൊതുസ്ഥലങ്ങളില്‍ തുപ്പരുത്
• മാസ്‌ക് ധരിക്കുക
• പനി, ജലദോഷം ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക
• പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്
• അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക
• യാത്രകള്‍ കുറയ്ക്കുക, ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് നല്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക
• പൊതു സ്ഥലങ്ങളിലോ ഓഫീസുകളിലോ പോയി തിരികെ വന്നാല്‍ ഉടനെ തന്നെ വസ്ത്രങ്ങള്‍ മാറി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക
• അപ്പോള്‍ കഴിയുന്നതും വീടിനു പുറത്തെ ശുചിമുറി ഉപയോഗിക്കുക  (ഉണ്ടെങ്കില്‍)
• ചെരുപ്പുകള്‍ പുറത്ത് അഴിച്ചു വെക്കേണ്ടതാണ്.
ഇത്തരത്തില്‍ വ്യക്തിഗത ശുചിത്വ പരിപാലനമെന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നാം ഓരോരുത്തരും ഏറ്റടുത്താല്‍ കൊറോണയെന്ന പേടി സ്വപ്നം നമുക്കില്ലാതാക്കാന്‍ സാധിക്കും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button