കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസ്: അന്വേഷണത്തിനായി സി.ബി.ഐ സംഘം കല്ല്യോട്ടെത്തി
കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിനായി സി.ബി.ഐ സംഘം കല്ല്യോട്ടെത്തി. കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കല്യോട്ടെ സംഭവസ്ഥലം സി.ബി.ഐ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയാണ്. കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാനും സാധ്യതയുണ്ട്. സി.ബി.ഐയുടെ അന്വേഷണത്തിലുടെ യഥാർത്ഥ പ്രതികൾ ജയിലിലാകുമെന്ന് കുടുംബം പ്രതികരിച്ചു.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ എസ് പി നന്ദകുമാർ, ഡിവൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കാസർകോട് എത്തിയത്. സി.ബി.ഐയുടെ ക്യാമ്പ് ഓഫീസും കാസര്‍കോട് ഉടൻ ആരംഭിക്കും. ഈ മാസം ഒന്നിനാണ് കേസന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചത്. പിറ്റേദിവസം തന്നെ പെരിയ കേസിന്‍റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറിയിരുന്നു.
2019 ഫിബ്രവരി 17നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കാസര്‍കോട്ട് കല്യോട്ട് വച്ച് കൊലപ്പെടുത്തിയത്. ഗുഢാലോചന നടത്തിയവരെ അടക്കം പിടികൂടാൻ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിനെയും ശരത് ലാലിന്‍റെയും കുടുംബമാണ് കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചിട്ടും കേസുമായി ബസപ്പെട ഫയലുകൾ കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. പിന്നീട് സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകിയ ഹർജി തള്ളിയതോടെയാണ് കേസ് ഫയലുകൾ കൈമാറാൻ തയ്യാറായത്.