യുവാവ‌് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ
താമരശേരി: ചമൽ വെണ്ടേക്കുംചാലിൽ വാക്കുതർക്കത്തിനിടെ യുവാവ‌് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. പൂലോട് ചിലമ്പിക്കുന്നേൽ സുബിൻ എന്ന കുട്ടനെ(33)യാണ് താമരശേരി ഡിവൈഎസ‌്പി പി പി പൃഥ്വിരാജ‌് പിടികൂടിയത‌്. പൂലോട‌് കുന്നപൊയിൽ റെജി(47)യാണ് മരിച്ചത്. ഒപ്പമുണ്ടായ ബന്ധുവായ ജിനീഷ് (25), സുഹൃത്ത് അനൂപ് (21) എന്നിവർ കുത്തേറ്റ‌് ചികിത്സയിലാണ‌്.
മരിച്ച റെജി മുമ്പ‌് വാടകയ‌്ക്ക‌് താമസിച്ചിരുന്ന വേനപ്പാറയിൽവച്ച‌് കഴിഞ്ഞ ആഗസ്‌തിൽ പ്രതിയുമായി തർക്കമുണ്ടായിരുന്നു. അന്ന് റെജിയും ബന്ധുക്കളും ചേർന്ന‌് സുബിനെ മർദിച്ചിരുന്നു. തിങ്കളാഴ്‌ച ചമൽ വെണ്ടേക്കുംചാലിൽവച്ച‌് സുബിൻ വീണ്ടും റെജിയെ കാണുകയും തുടർന്നുണ്ടായ തർക്കത്തിനിടെ റെജിയെ കുത്തുകയുമായിരുന്നു. കൂടെ കുത്തേറ്റ സുഹൃത്തുകളുടെ മൊഴിയെടുത്താലേ സംഭവത്തെക്കുറിച്ച‌് കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂവെന്ന് ഡിവൈഎസ‌്പി പറഞ്ഞു.
സംഭവം നടന്ന വെണ്ടേക്കുംചാലിൽ വടകരയിൽനിന്നെത്തിയ വിരലടയാള യുണിറ്റും ഫോറൻസിക്ക‌് വിഭാഗവും തെളിവെടുപ്പ‌് നടത്തി. നിരവധി കഞ്ചാവ‌് കേസുകളിൽ പ്രതിയാണ‌് അറസ്റ്റിലായ സുബിൻ.