പട്ടിക വിഭാഗം കോളനികളിൽ വാക്‌സിനേഷന്‍ ശക്തമാക്കും
ജില്ലയിൽ പട്ടികജാതി-വർഗ്ഗ കോളനികളിൽ കോവിഡ് രോഗ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജില്ലാ കലക്ടർ ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും നിർദ്ദേശം നൽകി. കോളനികളിൽ പ്രത്യേകമായി വാക്സിനേഷൻ ക്യാമ്പുകൾ നടത്തുവാനാണ് തീരുമാനം.
പട്ടികജാതി-പട്ടിക വര്‍ഗ കോളനികളിലെ 45 വയസിനു മുകളിലുള്ള 1614 പേര്‍ക്ക് ഇതിനകം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. മെയ് ഏഴുമുതല്‍ കോളനികളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് നേരിട്ടെത്തി ക്യാംപുകള്‍ നടത്തിയാണ് വാക്‌സിനേഷന്‍ നടത്തിയത്. എസ്.സി, എസ്.ടി വകുപ്പുകള്‍ നല്‍കിയ വിവരപ്രകാരം 45 വയസിനു മുകളില്‍ പ്രായമുള്ള 3120 പേരില്‍ 1614 പേര്‍ക്കും വാക്‌സിന്‍ നല്‍കി. ഇതോടെ 50 ശതമാനം ആളുകളും വാക്‌സിനെടുത്തു.
കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് വാണിമേല്‍ പി.എച്ച്.സിക്ക് കീഴിലാണ്. ഇവിടുത്തെ കോളനികളില്‍ 290 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കോട്ടൂരില്‍ 229, കോളത്തൂര്‍ 217, കോടഞ്ചേരി 194, കാരശ്ശേരി 103, പുതുപ്പാടി 78, കൂടരഞ്ഞി 77, പന്നിക്കോട്ടൂര്‍ 71, നരിപ്പറ്റ 60, വയലട 55,എരമംഗലം 54, കുണ്ടുതോട് 40, കൊടുവള്ളി 38, തിരുവമ്പാടി 18 എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ കോളനികളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മോഹന്‍ ദാസ് അറിയിച്ചു.