Sports
‘ക്രിക്കറ്റ് നിങ്ങളെ മിസ് ചെയ്യും, എത്രയും പെട്ടെന്ന് തിരിച്ചുവരാനാകട്ടെ’-ധവാന് മോദിയുടെ ആശംസ

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ശിഖര്‍ ധവാന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ലോകകപ്പ് നിങ്ങളെ മിസ് ചെയ്യുമെന്നും എത്രയും പെട്ടെന്ന് പരിക്ക് ഭേദമായി തിരിച്ചുവരട്ടെ എന്നും മോദി ട്വീറ്റില്‍ പറയുന്നു. വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് ധവാന്‍ ലണ്ടനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
തുടര്‍ന്ന് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ധവാന്‍ ട്വീറ്റ് ചെയ്തിരുന്നു. കളിക്കാനാകാത്തതില്‍ നിരാശയുണ്ടെന്നും ലോകകപ്പ് മത്സരങ്ങള്‍ തുടരട്ടെ എന്നുമായിരുന്നു ധവാന്റെ ട്വീറ്റ്. ഇതിന് റീട്വീറ്റായി ആണ് പ്രധാനമന്ത്രി പിന്തുണ അറിയിച്ചത്.
എത്രയും വേഗത്തില്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തട്ടെ എന്നും രാജ്യത്തിന് കൂടുതല്‍ വിജയങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് കൊണ്ടാണ് ധവാന് പരിക്കേറ്റത്. തുടര്‍ന്ന് കുറച്ചു ദിവസം ഇന്ത്യന്‍ ടീമിനൊപ്പം തന്നെ ധവാന്‍ യാത്ര ചെയ്തു. പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യക്തമായതോടെ ധവാന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
D
Comments