ഷഹീൻ അഫ്രീദിയുടെ ആറ് വിക്കറ്റ് പ്രകടനത്തിൽ പാക്കിസ്ഥാന് കൂറ്റൻ ജയം; ഇനി നാട്ടിലേക്ക് തിരിക്കാം

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് കൂറ്റൻ ജയം. 94 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. 316 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 44.1 ഓവറിൽ എല്ലാവരും പുറത്തായി. ആറ് വിക്കറ്റെടുത്ത യുവ പേസർ ഷഹീൻ അഫ്രീദിയാണ് ബംഗ്ലാദേശിനെ തകർത്തത്. 64 റൺസെടുത്ത ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ.

 

തകർച്ചയോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. ആറാം ഓവറിൽ സൗമ്യ സർക്കാരിനെ ഫഖർ സമാൻ്റെ കൈകളിലെത്തിച്ച ആമിർ പാക്കിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 22 റൺസെടുത്താണ് സൗമ പുറത്തായത്. 11ആം ഓവറിൽ തമീം ഇഖ്ബാലിനെ (8) ക്ലീൻ ബൗൾഡാക്കിയ ഷഹീൻ അഫ്രീദി തൻ്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 18ആം ഓവറിൽ മുഷ്ഫിക്കർ റഹീമിൻ്റെ (16) കുറ്റി പിഴുത വഹാബ് റിയാസും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

 

നാലാം വിക്കറ്റിലെ ലിറ്റൻ ദാസ്-ഷാക്കിബ് അൽ ഹസൻ കൂട്ടുകെട്ടാണ് ബംഗ്ലാദേശ് ഇന്നിംഗ്സിനെ ട്രാക്കിലാക്കിയത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 58 റൺസ്. ഇതിനിടെ 62 പന്തുകളിൽ ഷാക്കിബ് അർദ്ധശതകം കുറിച്ചു. 29ആം ഓവറിൽ ലിറ്റൻ ദാസിനെ പുറത്താക്കിയ ഷഹീൻ അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു. 32 റൺസെടുത്ത ദാസിനെ ഷഹീൻ ഹാരിസ് സൊഹൈലിൻ്റെ കൈകളിൽ എത്തിച്ചു. 33ആം ഓവറിൽ ഷാക്കിബിനെയും ഷഹീൻ പുറത്താക്കി. 64 റൺസെടുത്ത ഷാക്കിബിനെ സർഫറാസ് പിടികൂടുകയായിരുന്നു.

 

16 റൺസെടുത്ത മൊസദ്ദക് ഹുസൈനെ ബാബർ അസമിൻ്റെ കൈകളിലെത്തിച്ച ഷദബ് ഖാൻ മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സൈഫുദ്ദീൻ (0), മഹ്മൂദുല്ല (29) എന്നിവരെ 41ആം ഓവറിൽ പുറത്താക്കിയ ഷഹീൻ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചു. സൈഫുദ്ദീനെ ആമിർ കൈപ്പിടിയിലൊതുക്കിയപ്പോൾ മഹ്മൂദുല്ലയെ ഷഹീൻ ക്ലീൻ ബൗൾഡാക്കി. ലോകകപ്പിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഷഹീൻ സ്വന്തമാക്കി.

 

44ആം ഓവറിൽ 15 റൺസെടുത്ത മഷറഫെ മൊർതാസയെ പുറത്താക്കിയ ഷദബ് ഖാൻ മത്സരത്തിലെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 15 റൺസെടുത്ത മൊർതാസയെ സർഫറാസ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 45ആം ഓവറിലെ ആദ്യ പന്തിൽ മുസ്തഫിസുർ റഹ്മാൻ്റെ (1) കുറ്റി പിഴുത ഷഹീൻ ബംഗ്ലദേശിനെ ചുരുട്ടിക്കെട്ടി. 7 റൺസെടുത്ത മെഹിദി ഹസൻ പുറത്താവാതെ നിന്നു.

 

9.1 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഷഹീൻ ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡിനൊപ്പം ലോകകപ്പിലെ ഒരു പാക്കിസ്ഥാൻ ബൗളറുടെ ഏറ്റവും മികച്ച ഫിഗർ കൂടിയാണ് കുറിച്ചത്.
Comments

COMMENTS

error: Content is protected !!