Politics
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധതയറിയിച്ച് കോടിയേരി ബാലകൃഷ്ണൻ

മകൻ ബിനോയിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചു. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിന് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയനും എസ്.രാമചന്ദ്രൻ പിള്ളയുമായും നടത്തിയ കൂടിക്കാഴ്ചയിൽ കോടിയേരി ഇക്കാര്യം അറിയിച്ചത്.
അതേ സമയം വിവാദം വ്യക്തിപരമാണെന്നും പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഇക്കാര്യത്തിൽ മുതിർന്ന നേതാക്കൾക്കുള്ളതെന്നാണ് സൂചന. പാർട്ടിയിൽ ചുമതലയോ പാർലമെന്ററി പദവികളോ വഹിക്കാത്ത ഒരാളെപ്പറ്റിയുള്ള വിവാദത്തിൽ പാർട്ടി നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന അവെയ്‌ലബിൾ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു.
അതേ സമയം രാജിസന്നദ്ധത സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി ബാലകൃഷ്ണൻ ആവർത്തിക്കാൻ സാധ്യതയുണ്ട് . വിവാദത്തെപ്പറ്റിയുള്ള വിശദീകരണത്തിനൊപ്പമാകും സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തയ്യാറാണെന്ന നിലപാട് ആവർത്തിക്കുക.ബിനോയ് കോടിയേരി വിവാദത്തിന് പുറമേ ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയും സിഒടി നസീർ വധശ്രമവും സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ചയാകും.
Comments