MAIN HEADLINES

ജീവൻ ഭീഷണിയിലെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

സംവിധായകൻ സനൽ കുമാർ ശശിധരൻ തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുള്ളതായി കാണിച്ച് പരാതി നൽകി. ഇതു സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു കൊണ്ട് ജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യർഥിക്കയും ചെയ്തു.

ഒഴിവുദിവസത്തെ കളി, എസ്. ദുർഗ്ഗ, ചോല സിനിമകളുടെ സംവിധായകനാണ്. മഞ്ജു വാര്യർ നായികയായ ‘കയറ്റം’ എന്ന സിനിമ സനൽകുമാർ പൂർത്തിയാക്കിയിരിപ്പാണ്.

ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്. –
“എന്റെ ജീവന് അപകടമുണ്ട്. എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെയും. അങ്ങനെ സംഭവിച്ചാൽ Kazhcha Film Forum/ NIV ART Movies ഓഫീസിൽ നടന്നുവെന്ന് ഞാൻ വിശ്വസിക്കുന്ന സംഗതികളെപ്പറ്റി അന്വേഷണം നടത്താൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടാനോ ഒന്നും താൽ‌പര്യമില്ല. എന്തും ചെയ്യാൻ കെൽ‌പുള്ള ഒരു മാഫിയയ്ക്കുള്ളിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. എന്റെ മാനത്തിന്റെ വില വെച്ച് മറ്റുചിലർക്കായി പേശിനോക്കാൻ ഞാൻ കൂട്ടുനിൽക്കാത്തതുകൊണ്ട് കാഴ്ച ചലച്ചിത്രവേദിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ എന്തോ ഒന്ന് എന്റെ നേരെ ഇന്നല്ലെങ്കിൽ നാളെ വരും എന്ന് എനിക്കുറപ്പായിരുന്നു.

എന്താണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് അറിയില്ല. എന്തുതന്നെയായാലും അതിനു പിന്നിൽ കരുതുന്നതിനേക്കാൾ വലിയ കാര്യങ്ങളുണ്ട്. അതുകൊണ്ട് ഒന്നും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. എന്തെങ്കിലും അറിവു കിട്ടിയാൽ എന്നോട് പറയുക. എന്റെ മരണം സംഭവിച്ചാൽ അന്വേഷണം നടത്താൻ ശബ്ദമുയർത്തുക. മാനാപമാനങ്ങൾ എനിക്ക് വിഷയമല്ല. പക്ഷേ ഇത് എന്റെ മാനത്തിന്റെ വിഷയമല്ല. നമ്മുടെ സമൂഹത്തെ ദ്രവിപ്പിച്ച് ഇല്ലാതാക്കുന്ന ഒരു വലിയ ദുരന്തത്തെ ചെറുത്തു തോൽ‌പിക്കുന്നതിന്റെ വിഷയമാണ് എന്നിങ്ങനെയാണ് പോസ്റ്റ്.

2017ൽ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഹിവോസ് ടൈഗർ പുരസ്‌കാരം നേടിക്കൊണ്ടാണ് സനൽകുമാറും എസ്. ദുർഗ്ഗ എന്ന സിനിമയും ശ്രദ്ധ നേടുന്നത്. ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമാണ് എസ്. ദുർഗ്ഗ. 2015 ലെ ‘ഒഴിവുദിവസത്തെ കളി’ എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭ്യമായിരുന്നു.

മലയാള സിനിമാ രംഗത്ത് ക്രൗഡ്ഫണ്ടിംഗ് രീതിയിൽ സിനിമകൾ നിർമ്മിക്കുന്നതിൽ മുൻനിരയിലുള്ള സംവിധായകനാണ് സനൽ. ഇത്തരത്തിൽ സിനിമയ്ക്കായി പണം സ്വരൂപിക്കുന്ന പ്രസ്ഥാനത്തിനെതിരെയുള്ള ആരോപണം ഉൾപ്പെടെയാണ് സനൽ ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button