കരിപ്പൂരിൽ നിർത്തിവെച്ച സർവ്വീസുകൾ പുനരാരംഭിക്കും – വി മുരളീധരൻ
കോഴിക്കോട് വിമാനതാവളത്തിലെ അപകടത്തിന്‍റെ പശ്ചാതലത്തിൽ നിർത്തി വെച്ച വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉറപ്പു നൽകിയതായി കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ അറിയിച്ചു.
അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും മന്ത്രി അറിയിച്ചു. വിമാനതാവളത്തിന്‍റെ റൺവേ വികസനം, ടെർമിനൽ വികസനം എന്നിവക്ക് സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കിയാൽ തുടർ നടപടി ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി ഉറപ്പ് നൽകി. ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ സന്ദർശിച്ച ചേംമ്പർ ഓഫ് കോമേഴ്സ് നിവേദക സംഘത്തോട് സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്താനും മന്ത്രി നിർദേശം നൽകി. മലബാർ ചേംമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡൻറ് നിത്യാനന്ദ കമ്മത്ത്, സെക്രട്ടറി മഹബൂബ്, ഭാരവാഹികളായ അരുൺകുമാർ, എം.പി.എം മുബഷിർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര നാളികേര വികസന ബോർഡ് അംഗവുമായ പി. രഘുനാഥും മന്ത്രിമാരെ സന്ദർശിച്ച സംഘത്തിനൊപ്പം ഉണ്ടായിരുന്നു