KERALA
ആഭ്യന്തര യാത്രക്കാർക്കും കൊച്ചിയിൽ 3 മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാം
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാർക്കും ഇനി വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാം. പുതിയ സൗകര്യം നാളെ മുതൽ നിലവിൽ വരും. നിലവിൽ വിമാനം പുറപ്പെടുന്നതിനു രണ്ടു മണിക്കൂർ മുൻപാണ് ആഭ്യന്തര ചെക്ക് ഇൻ കൗണ്ടറുകൾ പ്രവർത്തിച്ചു തുടങ്ങുക.
നേരത്തെ എത്തുന്നവരെ സുരക്ഷാസേന ചെക്ക് ഇൻ ഏരിയായിലേക്ക് കടത്തിവിടാറില്ല. തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം എടുക്കുന്നുണ്ട്. ഇതുമൂലം പരിശോധനാ ഹാളിൽ വൻതിരക്കാണ്. അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് പലപ്പോഴും.
ഇതേത്തുടർന്നാണ് കൗണ്ടറുകൾ നേരത്തെ തുറക്കാൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. പരിശോധനാ ഹാളിലെ അവസാനനിമിഷ തിരക്ക് ഒഴിവാക്കാൻ ആഭ്യന്തരയാത്രക്കാർ പുതിയ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സിയാൽ അധികൃതർ അറിയിച്ചു. രാജ്യാന്തര യാത്രക്കാർക്കുള്ള പരിശോധനകൾ മൂന്നു മണിക്കൂർ മുൻപ് തുടങ്ങുന്ന നിലവിലെ സ്ഥിതി തുടരും.
Comments