പ്ലസ് വൺ പരീക്ഷ. തീരുമാനം നീളും. ഹരജി പരിഗണിക്കുന്നത് 15 ലേക്ക് മാറ്റി
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കില്ല. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം – സപ്തംബർ 15 ലേക്ക് മാറ്റി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അവധിയായതിനാലാണ് ഹര്‍ജി മാറ്റിവെച്ചത്. തിങ്കളാഴ്ചയോടെ അനിശ്ചിതത്വം മാറിയേക്കും എന്ന പ്രതീക്ഷയിലായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും.
പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കാട്ടി കഴിഞ്ഞദിവസം കേരളം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരിന്നു. എഴുത്തു പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
ഓണ്‍ലൈന്‍ പരീക്ഷ തീരുമാനിച്ചാല്‍ മൊബൈല്‍ ഫോണ്‍ പോലും ലഭ്യമാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുതാല്‍പര്യഹര്‍ജികള്‍ തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരമാണെങ്കിൽ പരീക്ഷ കഴിഞ്ഞ ബുധനാഴ്ച തുടങ്ങേണ്ടതായിരുന്നു.
ഏപ്രിലില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ വിജയകരമായി നടത്തിയതും ജൂലൈയില്‍ സാങ്കേതിക സര്‍വകലാശാല എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടത്തിയതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 7.32 ലക്ഷം വിദ്യാര്‍ത്ഥികള്‍ ജെ ഇ ഇ മെയിന്‍ പരീക്ഷയെഴുതിയതും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു തന്നെ പ്ലസ് വണ്‍ പരീക്ഷയും നടത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നല്‍കിയ മറുപടിയില്‍ പറയുന്നു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി സുപ്രീംകോടതി തേടിയിരുന്നു.