നടിയെ ആക്രമിച്ച കേസ്. ദിലീപിന്റെ അടക്കം പ്രതികളുടെ ഫോണുകൾ ഇന്ന് ഹാജരാക്കുന്നു
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കുന്നു. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടി പ്രതികളോടും നിർദേശിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ എത്രയുംവേഗം ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ ദിലീപിന്റെ ഫോൺ സിഡിആർ (കോൾ ഡീറ്റെയിൽ റെക്കോഡ്സ്) ഫോണിൽ കണ്ടെത്താനാകുമെന്നാണ് പ്രോസിക്യൂഷൻ നിഗമനം. ഐടി നിയമപ്രകാരം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള രാജ്യത്തെ ഏഴ് അംഗീകൃത ഫോറൻസിക് ലാബുകളിൽ ഒന്നിൽ ഫോണുകൾ പരിശോധിക്കാം.