DISTRICT NEWS

സോളാർ ബോട്ടിൽ ഉല്ലാസ യാത്രക്ക് പെരുവണ്ണാമൂഴി ഒരുങ്ങുന്നു

പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ ബോട്ടിങ്‌ സർവീസിന് അനുമതി ആയതോടെ ഇനി ഓളപ്പരപ്പിൽ സോളാർ ബോട്ടിൽ ചുറ്റാം. ചക്കിട്ടപാറ സർവീസ് സഹകരണബാങ്കിനാണ് ബോട്ടിങ്‌ നടത്താനുള്ള അനുമതി ജലസേചനവകുപ്പ് നൽകിയിട്ടുള്ളത്. 20 സീറ്റും പത്ത് സിറ്റും വീതമുള്ള രണ്ട് ബോട്ടുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങാൻ എത്തിച്ചിരിക്കുന്നത്. ഡാം റിസർവോയറിൽ എത്തിച്ച് ഇതിന്റെ പരീക്ഷണഓട്ടം നടത്തി.ചക്കിട്ടപാറ ബാങ്കുമായി കരാർ ഒപ്പുവെക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ സർവീസ് തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.

 പെരുവണ്ണാമൂഴിയിൽ ടൂറിസംവകുപ്പ് അനുവദിച്ച 3.13 കോടിരൂപയുടെ ഫണ്ട് ഉപയോഗിച്ച് വിനോദസഞ്ചാര വികസനം അടുത്തിടെ നടപ്പാക്കിയിരുന്നു. കുട്ടികളുടെ പാർക്ക്, നടപ്പാത, കഫ്റ്റീരിയ എന്നിവടയടക്കം പുതുതായി ഒരുക്കി. പുന്തോട്ടവും നവീകരിച്ചു. പെരുവണ്ണാമൂഴി ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്നാൽ ബോട്ടിങ്‌ ഇറിഗേഷൻവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. ബോട്ടിങ്‌ സർവീസ് കൂടി ആരംഭിക്കുന്നതോടെ കൂടുതൽസഞ്ചാരികളെ ആകർഷിക്കാനാകും.കൂരാച്ചുണ്ട് പഞ്ചായത്തിലെ തോണിക്കടവിൽ ജലസേചന വിഭാഗത്തിന്റെ റിസർവോയർ തീരത്ത് പുതിയ ടൂറിസംപദ്ധതി നടപ്പാക്കിയ സ്ഥലത്തും ബോട്ട് സർവീസ് ആരംഭിക്കുന്നുണ്ട്. ഇതിനായി ബോട്ട് ജെട്ടി നിർമിച്ച് ബോട്ടിങ്‌ നടത്താൻ തയ്യാറുള്ളവരുടെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button