DISTRICT NEWS

രണ്ടു വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍  സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി; മന്ത്രി ഇ ചന്ദ്രശേഖരന്‍ 

രണ്ടു വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കിയെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാട്ടേഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി 1.16 കോടി അനുവദിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ദൈനംദിനം പരിഹരിക്കുന്ന പ്രധാന ഓഫീസായ വില്ലേജ് ഓഫീസുകള്‍ പലതും ദയനീയ സാഹചര്യത്തിലായിരുന്നു. കുടിവെള്ളവും ടോയ്ലറ്റുമില്ലാത്തതായിരുന്നു പല ഓഫീസുകളും. ഇത് മനസിലാക്കിയ സര്‍ക്കാര്‍ മൂന്ന് മേഖലകളിലായി വില്ലേജ് ഓഫീസര്‍മാരുടെ യോഗം വിളിക്കുകയും പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ ഓഫീസുകളിലെ പ്രശ്നങ്ങള്‍ പഠിച്ച് രണ്ടു വര്‍ഷത്തിനുള്ളിലാണ് പദ്ധതികള്‍ നടപ്പാക്കിയത്. തുടര്‍ന്ന് 267 വില്ലേജ് ഓഫീസുകള്‍ക്ക് അധികമായി മുറി നിര്‍മ്മിച്ചു. 230 വീതം ഓഫീസുകള്‍ക്ക് അറ്റകുറ്റപണികളും ചുറ്റുമതിലുമുണ്ടാക്കാനുള്ള നടപടികളും സ്വീകരിച്ചു. 1664 വില്ലേജ് ഓഫീസുകളില്‍ ആയിരത്തോളം ഓഫീസുകളിലെ അടിയന്തിര ആവശ്യങ്ങള്‍ മൂന്ന് വര്‍ഷത്തിനിടയില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ളവയിലെ ആവശ്യങ്ങള്‍ ഉടന്‍ തന്നെ നടപ്പാക്കാന്‍ കഴിയും.
അകലെ നിന്നുമെത്തി ഗ്രാമ-മലയോര മേഖലകളില്‍ ജോലി ചെയ്യുന്ന വില്ലേജ് ഓഫീസ് ജീവനക്കാര്‍ താമസിക്കാന്‍ ബുദ്ധിമുട്ടു ന്നുവെന്നത് മനസിലാക്കിയതില്‍ നിന്നാണ് സ്റ്റാഫ് ക്വാട്ടേഴ്സുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ഇതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ കഴിയുമ്പോഴാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്രദമാണോയെന്ന് വ്യക്തമാകുക. വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള പരാതികള്‍ കുറഞ്ഞു വരുന്നത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.
20 ലക്ഷം ചെലവഴിച്ചാണ് വില്ലേജ് ഓഫീസിന് സമീപത്ത് കെട്ടിടം നിര്‍മ്മിച്ചത്. ഒരു നിലയില്‍ രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വരാന്ത, ശുചിമുറി ഉള്‍പ്പെടെയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ കെ ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന, ഗ്രാമപഞ്ചായത്ത് അംഗം എ പ്രസാദ്, എഡിഎം റോഷ്നി നാരായണന്‍, എ ഷിജുലാല്‍, കെ സി ഇസ്മാലൂട്ടി, അഹമ്മദ്കുട്ടി അരയങ്കോട്, ശിവദാസന്‍ മംഗലഞ്ചേരി, അഡ്വ. പി ചാത്തുക്കുട്ടി, ഷമീം പാലൂര്‍, പി ഡി പത്മനാഭന്‍നായര്‍, അബ്ദുറഹിമാന്‍ഹാജി, ഐ എം ബാലന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ എസ് സാംബശിവറാവു സ്വാഗതവും കോഴിക്കോട് തഹസില്‍ദാര്‍ എന്‍ പ്രേമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button