ചങ്ങരോത്ത് സ്വദേശിയെ യു.എ.ഇ.യിലെ അജ്മാനിൽ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

പേരാമ്പ്ര : ചങ്ങരോത്ത് സ്വദേശിയെ യു.എ.ഇ.യിലെ അജ്മാനിൽ സ്വർണക്കടത്തുകാരുടെ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ചങ്ങരോത്ത് പുത്തലത്ത് മുഹമ്മദ് ജവാദിനെ(20)യാണ് അഞ്ചംഗ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ ക്രൂരമായി മർദിച്ചത്. നാലുദിവസംനീണ്ട പീഡനത്തിനൊടുവിൽ മുഹമ്മദ് ജവാദിനെ റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

  പോലീസെത്തിയാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടിൽ തിരിച്ചെത്തിയശേഷം ജവാദ് നൽകിയ പരാതിയിൽ അഞ്ചുപേർക്കെതിരേ പെരുവണ്ണാമൂഴി പോലീസ് കേസെടുത്തിട്ടുണ്ട്.

മേയ് 28-ന് അർധരാത്രിയാണ് അജ്മാനിൽ മലയാളികളായ സംഘം മുഹമ്മദ് ജവാദിനെ തട്ടിക്കൊണ്ടുപോയത്. പേരാമ്പ്ര മൂരികുത്തി സ്വദേശിക്കായി വാളൂർ സ്വദേശിയുടെ കൈവശം കൊടുത്തുവിട്ട സ്വർണം കിട്ടാത്തതിന്റെ പേരിലായിരുന്നു മർദനം.

65 ലക്ഷത്തിന്റെ സ്വർണമുണ്ടായിരുന്നതായി പറയുന്നു. വാളൂർ സ്വദേശി മുഹമ്മദ് ജവാദിന്റെ നേരത്തേയുള്ള പരിചയക്കാരനായിരുന്നു.

അതിനാൽ ജവാദിനും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. ഒടുവിൽ തനിക്ക് ഇതുമായി ബന്ധമില്ലെന്ന് മനസ്സിലായപ്പോഴാണ് വിട്ടയച്ചതെന്ന് മുഹമ്മദ് ജവാദ് പറയുന്നു.

Comments

COMMENTS

error: Content is protected !!