ചെങ്ങോടുമല സംരക്ഷിക്കണം; കോൺഗ്രസ്സ് പ്രവർത്തകർ കോട്ടൂർ പഞ്ചായത്തോഫീസ് മാർച്ച് നടത്തി.
കൂട്ടാലിട. ഖനന മാഫിയയിൽ നിന്നും ചെങ്ങോടുമലയെ ശാശ്വതമായി രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്തോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി ഡി.സി. പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങോടുമലയുടെ കാര്യത്തിൽ മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നയമാണ് സി.പി.എമ്മും പഞ്ചായത്ത് ഭരണ സമിതിയും സ്വീകരിക്കുന്നതെന്ന് പ്രവീൺ കുമാർ ആരോപിച്ചു.
ചെങ്ങോടുമലയിൽ ക്വാറി മാഫിയ പൊളിച്ച കുടിവെളള ടാങ്ക് നിർമിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് മൂന്ന് വർഷത്തോളമായിട്ടും പഞ്ചായത്ത് നടപ്പിലാക്കിയില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം കോൺഗ്രസ് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങോടുമലയിൽ പുതിയ കുടിവെളള പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയുടെ അക്വിസിഷൻ നടപടി നിലച്ചിരിക്കുകയാണെന്നും ഇത് ഉടൻ പൂർത്തീകരിക്കണമെന്നും ചെങ്ങോടു മലയെ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന സംസ്ഥാന വിദഗ്ധ സംഘത്തിന്റെ ശുപാർശ അംഗീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്തിന് നിവേദനവും നൽകി.
മാർച്ചിനും ധർണയ്ക്കും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. കെ. അബൂബക്കർ, കാവിൽ പി മാധവൻ, സി എച്ച് സുരേന്ദ്രൻ, വി പി ഗോവിന്ദൻകുട്ടി, ഭരണ സമിതിയിലെ പ്രതിപക്ഷ നേതാവ് ഇ അരവിന്ദാക്ഷൻ, എൻ കെ മധുസൂദനൻ, ടി കെ ചന്ദ്രൻ, രജീഷ് കൂട്ടാലിട, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത കെ ഉണ്ണി, ടി പി ഉഷ, കെ പി മനോഹരൻ, കൃഷ്ണൻ മണിലായിൽ, കെ അതുല്യ എന്നിവർ സംസാരിച്ചു. ക്വാറി ഉടമ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിൽ പാരിസ്ഥിതികാനുമതിക്ക് വീണ്ടും അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്.