പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി വിദ്യാഭ്യാസമന്ത്രി വി എസ് ശിവൻകുട്ടി. . പാഠ്യപദ്ധതി പുതുക്കാനായി രണ്ടു കമ്മിറ്റികൾ രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി ചെയർപഴ്സനായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപഴ്സനായി കരിക്കുലം കോർ കമ്മിറ്റിയും നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ ഇനി സമൂഹത്തിന്‍റെ കൂടി അഭിപ്രായം തേടും. ലിംഗനീതി, സന്നദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ചർച്ച ചെയ്യും. മലയാളം അക്ഷരമാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി.
പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനാപരവും അക്കാദമികവുമായ വശങ്ങൾ പരിശോധിച്ച് നിർദേശം സമർപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഡോ. എം.എ.ഖാദർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടുകൾ വേഗത്തിൽ നടപ്പിലാക്കും.