KERALA
ശബരിമല തീർത്ഥാടനത്തിന് ഒരുങ്ങിയിരിക്കാൻ കലക്ടർ; ദുരന്തനിവാരണത്തിന് സ്ഥിരം സംവിധാനം

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ 10ന് മുന്‍പ് പൂര്‍ത്തിയാക്കാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങളും സഹായവും സമയബന്ധിതമായി ലഭ്യമാക്കാൻ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം. നിലയ്ക്കല്‍ കേന്ദ്രീകരിച്ച് ദുരന്തനിവാരണത്തിനായി പൂര്‍ണസജ്ജമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കലക്ടർ നിർദ്ദേശം നൽകി.
ദുരന്തനിവാരണങ്ങളുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കി ശബരിമല ഉന്നതാധികാര സമിതിക്ക് നല്‍കി. പമ്പയിലെ ആശുപത്രിയിലെ സെപ്ടിക് ടാങ്കിന്റെ അപാകത പരിഹരിക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് ഉടന്‍ കൈമാറും. തീര്‍ഥാടന പാതയിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം തീര്‍ഥാടനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ദേവസ്വം ബോര്‍ഡ് സജ്ജമാക്കണം. പമ്പയിലെയും നിലയ്ക്കലെയും അപകടസാധ്യതകള്‍ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ തന്നെ പരിശോധന നടത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു.
സന്നിധാനത്തേയ്ക്കുള്ള തീര്‍ഥാടന പാതയിലെ ബാരിക്കേടുകള്‍ നവംബര്‍ ഒന്നിന് മുന്‍പായി സ്ഥാപിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. കുടിവെള്ളം, ശുചിമുറി എന്നിവ മികച്ച നിലയില്‍ ലഭ്യമാക്കുന്നതിന് ശ്രദ്ധപുലര്‍ത്താനും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിലയിരുത്തൽ യോഗത്തിൽ തീരുമാനിച്ചു.
Comments