വെള്ളിയാങ്കല്ലിലേക്കുള്ള അനധികൃത വിനോദ സഞ്ചാരം;നടപടി കർശനമാക്കാക്കാൻ ഭരണകൂടം
സുരക്ഷ ഉറപ്പു വരുത്താതെയും അനുമതിയില്ലാതെയും കടലിലൂടെ വെള്ളിയാങ്കല്ലിലേക്കുള്ള അനധികൃത വിനോദ സഞ്ചാരം പതിവാകുന്നു. കുഞ്ഞാലി മരയ്ക്കാർ പറങ്കിപ്പടയ്ക്ക് എതിരെ യുദ്ധം നയിക്കാൻ പ്രധാന താവളമാക്കിയ വെള്ളിയാങ്കല്ലിൽ അപൂർവ ജീവികളും പക്ഷികളും കുളങ്ങളുമുണ്ട്. ഇതു കാണാനും കടലിലെ മനോഹാരിത ആസ്വദിക്കാനും നേരത്തേ പല ഭാഗത്തു നിന്നും ആളുകൾ എത്തിയിരുന്നു.
എന്നാൽ അപകടകരമായ തരത്തിൽ ആളുകൾ വരാൻ തുടങ്ങിയതോടെ വിലക്ക് ഏർപ്പെടുത്തി. നിലവിൽ കടലിലെ വിനോദ സഞ്ചാരത്തിന് കരയിൽ നിന്ന് 500 മീറ്റർ അകലെ മാത്രമേ അനുമതിയുള്ളൂ. വെള്ളിയാങ്കല്ലിലെ മൂർച്ചയുള്ള പാറയിലേക്ക് ബോട്ടിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അവസ്ഥയും ഇതിനു വേണ്ടി ബോട്ടിൽ ഒരു തോണി പ്രത്യേകം കൊണ്ടു പോകേണ്ട സാഹചര്യവും മറ്റും കണക്കിലെടുത്തായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്.
കലക്ടറുടെ അനുമതിയുണ്ടെങ്കിലേ വെള്ളിയാങ്കല്ലിലേക്കു പോകാൻ കഴിയൂ. തീരദേശ പൊലീസ്, തുറമുഖ വകുപ്പ് എന്നിവർക്കും വിവരം നൽകിയ ശേഷം വിനോദ സഞ്ചാര അനുമതിയുള്ള ബോട്ടിലാകണം യാത്ര. എന്നാൽ, മത്സ്യബന്ധന വള്ളങ്ങളിലാണ് പലരും പോവുന്നത്. നിയമം കർശനമാക്കിയ സാഹചര്യത്തിൽ രേഖകളില്ലാതെ കല്ലിലേക്ക് യാത്ര ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കാനാണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം.