നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ യഥാർത്ഥ കത്ത് കിട്ടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി നടൻ ദിലീപിനയച്ച യഥാർത്ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെത്തിയത്. നടിയെ ആക്രമിച്ചതിനുപിന്നിലെ ഗൂഢാലോചനയിലെ നിർണായക തെളിവാണ് കത്ത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കും എന്നാണ് കത്തിൽ പറയുന്നത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ കഴിഞ്ഞദിവസം അന്വേഷണ സംഘം ശേഖരിച്ചു. ഇത് ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ നിര്‍ണായമായ കണ്ടെത്തിലാണ് ഈ കത്ത്. കയ്യക്ഷരത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ കത്ത് യഥാര്‍ഥമാണെന്ന് ഉറപ്പിക്കാനായാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയും.
2018 മേയ് ഏഴിനായിരുന്നു ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്. അഭിഭാഷകരെയും സാക്ഷികളെയും വിലയ്‌ക്കെടുത്താലും സത്യം മൂടിവയ്ക്കാൻ ആകില്ല എന്നും കത്തിലുണ്ട്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തില്‍ പറയുന്നത്. വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പള്‍സര്‍ സുനി കത്തില്‍ എഴുതിയിരുന്നു. കത്ത് ഏഴുതിയെങ്കിലും അത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകൻ സജിത്തിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു നൽകുകയുമായിരുന്നു.
അതേസമയം, പൾസർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കാേടതി തള്ളിയിരുന്നു. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതിനിടെ, ദിലീപിനെതിരായ വധ ഗൂഢാലോചനാ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി. ബി.ഐക്ക് കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് അടക്കമുളളവർക്കെതിരെ ക്രൈംബ്രാഞ്ച് വധഗൂഢാലോചനാക്കുറ്റം ചുമത്തി കേസെടുത്തത്.