എയിംസ്; പതിറ്റാണ്ടിന്റെ സ്വപ്നത്തിന് ചിറകു മുളക്കുന്നു. കിനാലൂരിൽ ഭൂമി ലഭ്യമാക്കാൻ തിരക്കിട്ട നീക്കങ്ങൾ

തിരുവനന്തപുരം: കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) ലഭിക്കണമെന്ന, പതിറ്റാണ്ട് പഴക്കമുള്ള, ആഗ്രഹത്തിന് ചിറകു മുളക്കുന്നു. എയിംസ് സ്ഥാപിക്കാൻ കേന്ദ്രധനമന്ത്രാലയത്തിന്റെ അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയം തേടിയ സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കുകയാണ് സംസ്ഥാനസർക്കാർ. കോഴിക്കോട് കിനാലൂരിൽ വ്യവസായപാർക്കിനായി മുൻപ് റവന്യൂവകുപ്പ്, കെ എസ് ഐ ഡി സി ക്ക് കൈമാറിയ 153.46 ഏക്കർ ഭൂമി തിരിച്ചു കൊടുക്കാൻ വ്യവസായവകുപ്പ് ഉത്തരവായിട്ടുണ്ട്. റവന്യൂവകുപ്പ് ഈ ഭൂമി ആരോഗ്യവകുപ്പിന് കൈമാറും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാകും ഭൂമി നൽകുക. കൈമാറുന്ന ഭൂമിയുടെ സ്കെച്ചും മഹസർ റിപ്പോർട്ടും അടക്കം റവന്യൂവകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു.

എയിംസിന് അനുമതിനൽകണമെന്ന ആവശ്യത്തിൽ ധനമന്ത്രാലയം നടപടിയെടുത്തുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കെ മുരളീധരൻ എം പി. ഈയിടെ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിനിടെ ലോക്‌സഭയിൽ ഈ ആവശ്യമുന്നയിക്കുകയും ചെയ്തു. അതിനുള്ള മറുപടിയിൽ ആവശ്യം പരിഗണനയിലാണെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ മറുപടി നൽകിയിരുന്നു.

എയിംസ് അനുവദിച്ചാൽ സ്ഥാപിക്കുക കിനാലൂരിലാണെന്നും വ്യവസായവകുപ്പിന്റെ കൈവശമിരിക്കുന്ന സ്ഥലം ആരോഗ്യവകുപ്പിന് ലഭ്യമാക്കുമെന്നും മന്ത്രി വീണാജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കിനാലൂർ, കാന്തലാട് വില്ലേജുകളിലെ ഭൂമി എയിംസ് ഒഴികെയുള്ള ഒരാവശ്യത്തിനും ഉപയോഗിക്കരുതെന്ന വ്യവസ്ഥയോടെയാകും കൈമാറുക. എയിംസ് ലഭിച്ചില്ലെങ്കിൽ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യവസായ വകുപ്പ് നിലനിർത്തും. ആകെ 153.46 ഏക്കർ ഭൂമിയാകും വ്യവസായവകുപ്പ്‌ കൈമാറുക. 80 ഏക്കർ സ്വകാര്യഭൂമികൂടി ഏറ്റെടുത്ത് നൽകാമെന്നാണ് കേരളത്തിന്റെ ഉറപ്പ്.

കിനാലൂരിനൊപ്പം, തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി, കോട്ടയം മെഡിക്കൽ കോളേജ്, കളമശ്ശേരി എച്ച്.എം.ടി. എന്നിവയും എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ സംസ്ഥാനം ഉൾപ്പെടുത്തിയിരുന്നു.

Comments

COMMENTS

error: Content is protected !!