MAIN HEADLINES

കേരളത്തിന്റെ പരമോന്നത പുരസ്കാരങ്ങൾ: വിജ്ഞാപനമായി

തിരുവനന്തപുരം : കേരളത്തിന്റെ പരമോന്നത പുരസ്കാരങ്ങളായ കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിവ നൽകുന്നതിനു മാനദണ്ഡങ്ങൾ നിശ്ചയിച്ച് വിജ്ഞാപനം ഇറങ്ങി.  കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും,  കേരള പ്രഭ വർഷത്തിൽ രണ്ടുപേർക്കും,  കേരള ശ്രീ വർഷത്തിൽ അഞ്ചുപേർക്കും നൽകും. ഇന്ന് മുതൽ ജൂൺ 30വരെ നാമനിർദേശം സമർപ്പിക്കാം.

വർണം, വർഗം, ലിംഗം, തൊഴിൽ, പദവിഭേദമന്യേ കല, സാമൂഹിക സേവനം, പൊതുകാര്യം, സയൻസ് ആൻഡ് എൻജിനീയറിങ്, വ്യവസായ–വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവിൽ സർവീസ്, കായികം, മറ്റ് മേഖലകൾ തുടങ്ങിയവയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. പുരസ്കാരത്തിനു പരിഗണിക്കുന്നവർക്കു പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല.

കേരളപ്പിറവി ദിനത്തിൽ പുരസ്കാരം പ്രഖ്യാപിക്കും. പത്മ അവാർഡുകളുടെ മാതൃകയിലാണ് സംസ്ഥാനവും പരമോന്നത പുരസ്കാരങ്ങൾ നൽകാൻ തീരുമാനിച്ചത്. ഓൺലൈനായി അല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല. ആർക്കും മറ്റുള്ളവരെ നാമനിർദേശം ചെയ്യാം. മൂന്നു സമ്മാനങ്ങൾക്കായി പരമാവധി മൂന്നു നിർദേശങ്ങളേ ഒരാൾക്കു ചെയ്യാനാകൂ. പുരസ്കാരങ്ങൾ മരണാനന്തര ബഹുമതിയായി നൽകില്ല.

ഡോക്ടർ, ശാസ്ത്രജ്ഞർ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ അവാർഡിന് അർഹരല്ല. ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് വിരമിച്ചശേഷം പുരസ്കാരത്തിനായി പരിഗണിക്കും. പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ട വ്യക്തി, നാമനിർദേശത്തിനായി വ്യക്തിപരമായ ശുപാര്‍ശ നൽകിയിട്ടില്ലെന്ന സാക്ഷ്യപത്രം നാമനിർദേശം ചെയ്യുന്നവർ നൽകണം.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button