വിദേശയാത്രികർക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണന

ഗൾഫ് യാത്രക്കാർക്കും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്കും കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാൻ ആരോഗ്യ വകുപ്പ് തീരുമാനമായി. പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇവർക്കായി ലഭ്യമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

പല വിദേശ രാജ്യങ്ങളും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നിലവില്‍ രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കാന്‍ ആവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് അവസര നഷ്ടത്തിന് ഇടയാക്കി.

വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കാനാണ് തീരുമാനം. ഈ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറെയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

യാത്രക്കാർക്കുള്ള വാക്സിന്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള വാക്സിന്‍ സ്റ്റോക്കില്‍ നിന്നും നല്‍കും. ജില്ലാ അധികാരികള്‍ വിസ, വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രേഖകള്‍, ജോലി/ വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ പരിശോധിച്ച് വേണം വാക്സിന്‍ നല്‍കുവാന്‍. ഇങ്ങനെ വാക്സിന്‍ നല്‍കുമ്പോള്‍ യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്സിനേഷന്‍ പോളിസി കൂടി പരിശോധിച്ച് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്നുകൂടി ഉറപ്പാക്കുകയും ചെയ്യേണ്ടി വരും.

Comments

COMMENTS

error: Content is protected !!